ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് തരിശുരഹിതമായി

post

കൊല്ലം: തരിശു ഭൂമികള്‍  കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞതിന്റെ ചാതിതാര്‍ത്ഥ്യത്തിലാണ് ഇളമ്പള്ളൂര്‍ ഗ്രാമം. ഹരിത കേരളം മിഷന്‍ ഉപമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷനും കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് തരിശുരഹിത ഗ്രാമം എന്ന നേട്ടം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന് കൈവരിക്കാനായത്. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തരിശുരഹിത പ്രഖ്യാപനം നടത്തി.

പദ്ധതിയുടെ ഭാഗമായി രണ്ട് പതിറ്റാണ്ടായി തരിശായി കിടന്നിരുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള കരിപ്പുകളായികോണം പാടശേഖരം കുടുംബശ്രീ  ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൃഷിയിറക്കുകയും നൂറുമേനി വിളവെടുക്കുകയും ചെയ്തു.

കൂടാതെ ഒരു ദശാബ്ദത്തിലേറെ തരിശായി കിടന്ന ഇളമ്പള്ളൂര്‍ പാടശേഖരത്തിലെ 25 ഏക്കറിലാണ് നെല്‍കൃഷി പുനരാരംഭിച്ചത്. ഇതിനുപുറമേ 20 വര്‍ഷമായി തരിശായി കിടന്ന 15 ഏക്കറിന് മുകളിലുള്ള കല്ലിങ്ങല്‍ പാടശേഖരത്തിലും കുളപ്ര പാടശേഖരത്തിലും കൃഷി ഇറക്കിയതോടെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് നെല്‍കൃഷിയില്‍ തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചു. തരിശായി കിടന്നിരുന്ന 35 ഏക്കറോളം കര ഭൂമിയില്‍ വിവിധ വിളകളായ മരച്ചീനി, വാഴ, കരനെല്ല്, പച്ചക്കറികള്‍, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ യുവജന രാഷ്ട്രീയ, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, സഹകരണ പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ കൃഷിയിറക്കുവാന്‍ സാധിച്ചു. മേല്‍പ്പറഞ്ഞ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയതോടുകൂടി 25 ടണ്ണോളം അധിക ഉത്പാദനം നേടുന്നതിലൂടെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസുരക്ഷാ എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ സാധിച്ചു. കൂടാതെ പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണമായ സഹകരണവും തരിശുരഹിത ലക്ഷ്യത്തിലേക്ക് എത്തുവാന്‍ സഹായകമായി.

ആകെയുള്ള 100 ഹെക്ടര്‍ നെല്‍വയലില്‍ 70 ഹെക്ടറോളം ഭൂമിയില്‍ നെല്‍കൃഷി വ്യാപിപ്പിക്കുവാനും ബാക്കി 30 ഹെക്ടറില്‍ മറ്റ് വിള കൃഷികളും ചെയ്യുന്നു. തരിശായി കിടന്നിരുന്ന കരഭൂമിയിലും സുഭിക്ഷ കേരളം പദ്ധതി പ്രകാരം പരമാവധി കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 90 ശതമാനം ഭൂമിയിലും കൃഷി യോഗ്യമാക്കിയാണ് തരിശുരഹിത ലക്ഷ്യം നേടിയത്. വരുംവര്‍ഷങ്ങളില്‍ ഇത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും 100 ശതമാനം പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

ജില്ലയില്‍ പൂതക്കുളം, പെരിനാട്, കുലശേഖരപുരം, കരീപ്ര, മയ്യനാട്, നെടുമ്പന, തഴവ, കുമ്മിള്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ തരിശുരഹിതമായി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ ഒമ്പതാമത്തേതും മുഖത്തല ബ്ലോക്കിലെ മൂന്നാമത്തേതുമായ തരിശുരഹിത  ഗ്രാമപഞ്ചായത്താണ് ഇളമ്പള്ളൂര്‍.