പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒ.പി, അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനായി 11.89 കോടി അനുവദിച്ചു

post

മലപ്പുറം : ജില്ലാ ആശുപത്രിയില്‍ ഒ.പി, അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 11.89 കോടി അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു.

കെട്ടിട നിര്‍മാണത്തിന് 5.09 കോടി, വെള്ള വിതരണത്തിനും സാനിറ്റേഷനും 65 ലക്ഷം, വൈദ്യൂതീകരണത്തിന് 1.16 കോടി, അഗ്‌നിരക്ഷ സംവിധാനത്തിന് 50 ലക്ഷം, ലിഫ്റ്റ് 42 ലക്ഷം, ഇ.എല്‍.വി ജോലികള്‍ 28 ലക്ഷം, ശുദ്ധജല സംഭരണികള്‍, സെപ്റ്റിക്ക് ടാങ്ക് എന്നിവക്ക് 49 ലക്ഷം, അനുബന്ധ ജോലികള്‍ക്കായി 21 ലക്ഷം, ഫര്‍ണീച്ചറുകളും ഉപകരണങ്ങളും വാങ്ങുന്നതിന് 2.64 കോടി, മെഡിക്കല്‍ ഗ്യാസ്, വാക്കം സംവിധാനങ്ങള്‍ എന്നിവയ്ക്കായി 44 ലക്ഷം എന്നിങ്ങനെയായി 11,89,10,976 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

2014ല്‍ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ  അഞ്ച് കോടി രൂപ ചെലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടവും 50 ലക്ഷം രൂപ ചെലവില്‍ വിപുലമായ സൗകര്യങ്ങളോടെ മോര്‍ച്ചറി കെട്ടിടവും  പണികഴിപ്പിച്ചിരുന്നു. ഇതിനോടപ്പം സമര്‍പ്പിച്ച പദ്ധതിയായാണ് ഒ.പി, അത്യാഹിത വിഭാഗങ്ങള്‍ക്കായുള്ള കെട്ടിട നിര്‍മാണത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.