തലശ്ശേരി ടൂറിസം ഹെറിറ്റേജ് പദ്ധതി പൈതൃക സംരക്ഷണത്തിന്: മന്ത്രി കടകംപള്ളി

post

വയനാട് : ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് പൗരാണിക- സാംസ്‌ക്കാരിക പൈതൃകം മനസ്സിലാക്കുന്നതിന് തലശ്ശേരി ടൂറിസം ഹെറിറ്റേജ് പദ്ധതി ഏറെ സഹായകരമാകുമെന്ന് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ നാല് കോടി 85 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വള്ളിയൂര്‍ക്കാവ് ഡവലപ്പ്മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്‍ഡ് എക്സിബിഷന്‍ സ്പെയ്സ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കന്‍ കേരളത്തിന്റെ തനതു ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും  സഞ്ചാരികള്‍ക്ക് ഇവിടെ മണ്മറഞ്ഞിരിക്കുന്ന പൗരാണികതയുടെയും സംസ്‌ക്കാരത്തിന്റെയും മഹത്വം അനുഭവഭേദ്യമാക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ബൃഹത് പദ്ധതിയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ചിതറിക്കിടക്കുന്ന പൗരാണിക പ്രാധാന്യമുള്ള 61 കേന്ദ്രങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുവന്നു ഒരു പൈതൃക ടൂറിസം ഇടനാഴി ഇതിലൂടെ സംജാതമാക്കുന്നു. വടക്കന്‍ മലബാറിന്റെ ചരിത്രവും സംസ്‌ക്കാരവും കലാരൂപങ്ങളും ഉത്സവങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ പദ്ധതി ഓരോ സഞ്ചാരിക്കും തന്റെ യാത്രയില്‍ ഉടനീളം അതിവിശിഷ്ടമായ അനുഭവം സമ്മാനിക്കുന്നതിനൊപ്പം തദ്ദേശീയരുടെ സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിനും വഴി തെളിക്കും.

നാല് സര്‍ക്യൂട്ടുകളിലായി ഹാര്‍ബര്‍ ടൗണ്‍ സര്‍ക്യൂട്ട്, പഴശ്ശി സര്‍ക്യൂട്ട്, ഫോക്ലോര്‍ സര്‍ക്യൂട്ട്, കള്‍ച്ചറല്‍ സര്‍ക്യൂട്ട് എന്നിങ്ങനെയാണ് പദ്ധതി തിരിച്ചിരിക്കുന്നത്. ഇതില്‍ പഴശ്ശി  സര്‍ക്യൂട്ടിലാണ് വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമായ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവിടെ ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഗോത്രവിഭാഗക്കാരുടെയും കര്‍ഷകരുടെയും ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍പ്പനക്ക് എത്തിച്ചിരുന്നു. കാലക്രമേണ ചന്തകള്‍ ഉത്സവത്തോട് അനുബന്ധിച്ചു മാത്രമായി. ഈ സാഹചര്യത്തിലാണ് വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി ചന്തകള്‍ക്കുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് രൂപം നല്‍കുവാന്‍ തയാറായത്.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 കോടി 87 ലക്ഷം രൂപ മുതല്‍മുടക്ക് വരുന്ന നിര്‍മാണ പ്രവര്‍ത്തികളാണ് ഇവിടെ നടപ്പിലാക്കുന്നത്.

 ചന്തകള്‍ക്കുള്ള ബ്ലോക്കുകള്‍, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള കെട്ടിടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, പാര്‍ക്കിങ് ഏരിയ എന്നീ പ്രവൃത്തികളുടെ നിര്‍മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വള്ളിയൂര്‍ കാവിലെ ആറാട്ട് മഹോല്‍സവം നടക്കുന്ന പ്രദര്‍ശന നഗരിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 5000 ചതുരശ്ര മീറ്ററില്‍  5 ക്ലസ്റ്ററുകളിലായി  27 കടമുറികള്‍ പരമ്പരാഗത രീതിയില്‍ ഓട് മേഞ്ഞുള്ള കെട്ടിടങ്ങളാണ് ചെയ്യുന്നത്. അതുകൂടാതെ 1000 ചതുരശ്ര അടിയില്‍ സാംസ്‌കാരിക വിനോദ പരിപാടികള്‍ നടത്താനുള്ള തുറന്ന വേദിയും അതിനോട് ചേര്‍ന്ന് വിശ്രമ മുറിയും ഉണ്ടാകും.

കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള ആധുനിക ശുചിമുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറിയും പദ്ധതിയില്‍ ഉണ്ടാകും

മാനന്തവാടി കൊയിലേരി പാതക്ക് അഭിമുഖമായി  അതേ നിരപ്പില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 15000 ചതുരശ്ര അടി നിലം ഇന്റര്‍ലോക്ക് പാകി വൃത്തിയാക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്സവ സമയങ്ങളില്‍ ചന്തകള്‍ നടക്കുന്ന താഴെ കാവിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരം സംവിധാനത്തോടെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള സ്ഥിരം സൗകര്യം ഒരുക്കുന്നതിനും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ പൈതൃകം തിരികെ കൊണ്ടുവരുന്നതിനും ഈ പദ്ധതി ഏറെ സഹായകരമായി തീരും. 

ഒ ആര്‍ കേളു എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒ.കെ വാസു മാസ്റ്റര്‍, വി ആര്‍ പ്രവീജ്, ശ്രീലത കേശവന്‍, എച്ചോം ഗോപി, ഇ പി മോഹന്‍ദാസ്, സി വി ഗിരീഷ് കുമാര്‍, രാധാകൃഷ്ണന്‍ കളത്തില്‍ എന്നിവര്‍ സംസാരിച്ചു