ഫറോക്ക് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തിന് 17.9 കോടി രൂപ

post

കോഴിക്കോട് : ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 17.9 കോടി രൂപ അനുവദിച്ചതായി വി.കെ.സി. മമ്മത് കോയ എംഎല്‍എ അറിയിച്ചു. 23.5 കോടിയുടെ എസ്റ്റിമേറ്റാണ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതോടെ അനുബന്ധ സൗകര്യമൊരുക്കുന്നതിനുള്ള തുക കൂടി ലഭ്യമാകും.  സര്‍ക്കാരിന്റെ കിഴിലുള്ള പൊതുമേഖലാ സ്ഥാപനമായ 'വാപ് കോസിനാണ് നിര്‍മാണച്ചുമതല.

ആകെ 47,806  ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍  ട്രോമാ  കെയര്‍ , എക്‌സ്‌റേ, റേഡിയോളജി, ഫാര്‍മസി , ഒന്നാം നിലയില്‍  ലാബ് ,  സ്‌നാക്ക്‌സ് ബാര്‍ , അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്  , രണ്ടാം നിലയില്‍ 40 ബെഡോട് കൂടിയ മെയില്‍ വാര്‍ഡ് , മൂന്നാം നിലയില്‍ 39 ബെഡോട് കൂടിയ സ്ത്രീകള്‍ക്കായുള്ള വാര്‍ഡ് തുടങ്ങിയവയാണ് വിഭാവനം  ചെയ്തിട്ടുള്ളത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 100  ബെഡുള്ള ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഫറോക്ക് ആശുപത്രിയില്‍  ലഭ്യമാകും. സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.