സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി തിരുവനന്തപുരം

post

ജില്ലയില്‍ നിര്‍മിച്ചത് 256 പച്ചത്തുരുത്തുകള്‍

തിരുവനന്തപുരം: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ഥ്യമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 454 ഏക്കറിലായി 1,261 എണ്ണം സംസ്ഥാനത്താകമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 256 എണ്ണവും തിരുവനന്തപുരത്താണ്.

ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് യാഥാര്‍ഥ്യമായി. ഇതോടെ സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയെന്ന പേരും തിരുവനന്തപുരത്തിനു സ്വന്തമായി. പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണമെന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. പച്ചത്തുരുത്തുകള്‍ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. എല്ലാ വര്‍ഷവും ഈ മാതൃകയില്‍ കൂടുതല്‍ പച്ചത്തുരുത്തകള്‍ സൃഷ്ടിക്കാനാവണം. തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചാല്‍ അത് സാധ്യമാകുമെന്നും ഇതിനായി പൊതുസ്ഥലങ്ങളില്ലെങ്കില്‍ താത്പര്യമുള്ള വ്യക്തികളുടെ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവുമധികം പച്ചത്തുരുത്തുകള്‍ നിര്‍മിച്ചത്. 76 എണ്ണം. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് 24, പാറശ്ശാല 21, വാമനപുരം 15, വെള്ളനാട് 13, വര്‍ക്കല 12, നേമം 10, പെരുങ്കടവിള 9, നെടുമങ്ങാട് 7, അതിയന്നൂര്‍ 6, പോത്തന്‍കോട് 6, വര്‍ക്കല നഗരസഭ 22, നെയ്യാറ്റിന്‍കര നഗരസഭ 17, ആറ്റിങ്ങല്‍ നഗരസഭ 10, തിരുവനന്തപുരം കോര്‍പ്പറേഷന്‍ 6, നെടുമങ്ങാട് നഗരസഭ 2 എന്നിങ്ങനെയാണ് പച്ചത്തുരുത്തുകളുടെ എണ്ണം. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്താണ് സ്വന്തമാക്കിയത്. ബ്ലോക്ക് പരിധിയിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലും പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പച്ചത്തുരുത്തുകളുടെ പരിപാലന ചുമതല. ഇരിപ്പിടങ്ങള്‍, കുളങ്ങള്‍, ഊഞ്ഞാലുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടത്തെ എല്ലാ പച്ചതുരുത്തുകളിലും ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ പരിധിയിലുമായി ഉപയോഗശൂന്യമായിക്കിടന്ന അര സെന്റു മുതല്‍ എട്ട് ഏക്കര്‍ വരെയുള്ള സ്ഥലങ്ങളില്‍ ഇന്ന് ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധസസ്യങ്ങളും ചേര്‍ന്ന് ഹരിതാഭയൊരുക്കുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം 9.4 ഏക്കറിലാണ് പച്ചത്തുരുത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുപിടിപ്പിച്ചത്. പാറശ്ശാലയില്‍ 5.05 ഏക്കറിലും കിളിമാനൂരില്‍ 4.35 ഏക്കറിലും നെയ്യാറ്റിന്‍കര നഗരസഭയില്‍ 2.3 ഏക്കറിലും പച്ചത്തുരുത്ത് നിര്‍മിച്ചു. ഇങ്ങനെ ജില്ലയിലാകെ 36.7 ഏക്കറില്‍ പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഇരുപതിനായിരത്തോളം ചെടികളാണ് നട്ടുപിടിപ്പിച്ചത്. ഒരു പദ്ധതിയുടെ ഭാഗമായി ഇത്രയേറെ തരിശുനിലങ്ങള്‍ പച്ചപ്പണിയുന്നത് ഇതാദ്യമായാണ്. ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്ത് കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ഡാം പരിസരത്താണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ഏക്കറിലാണ് ഇവിടെ പച്ചത്തുരുത്തൊരുക്കിയത്. പച്ചത്തുരുത്തു പദ്ധതിയുടെ ഭാഗമായി കരവാരം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആദ്യ തരിശു രഹിത പഞ്ചായത്തായും പ്രഖ്യാപിച്ചിട്ടുണ്ട്. പാങ്ങോട് പോലീസ് സ്റ്റേഷനാണ് പച്ചത്തുരുത്ത് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ പോലീസ് സ്്റ്റേഷന്‍.