കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി സപ്ലൈകോയിലൂടെയും

post

തിരുവനന്തപുരം : കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ഇനി സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റ് വിപണന കേന്ദ്രങ്ങകളിലൂടെയും ലഭ്യമാകും. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ കുടുംബശ്രീയും സപ്ലൈകോയും ഒപ്പുവച്ചു കഴിഞ്ഞു. കേരളത്തിലുള്ള 1546 സപ്ലൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതയാണ് ഈ കരാറിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്.

സപ്ലൈകോയുമായി കുടുംബശ്രീയേര്‍പ്പെട്ടിരിക്കുന്ന കരാറിന് രണ്ട് ഭാഗങ്ങളാണുള്ളത്. സപ്ലൈകോയ്ക്ക് ആവശ്യമായ പുട്ടുപൊടി, അപ്പം പൊടി, വെളിച്ചെണ്ണ, ആട്ട, കുട എന്നിവ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ പായ്ക്ക് ചെയ്ത് കൊടുക്കുകയെന്നുള്ളതാണ് കരാറിന്റെ ആദ്യഭാഗം. ആവശ്യപ്പെടുന്ന അളവ് അനുസരിച്ച് കുടുംബശ്രീ സംരംഭകരില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് സപ്ലൈകോയ്ക്ക് നല്‍കും.

കുടുംബശ്രീയിലെ വിവിധ സംരംഭങ്ങളുടെ മറ്റ് ഉത്പന്നങ്ങള്‍ സപ്ലൈകോയ്ക്ക് നല്‍കുന്നതാണ് കരാറിന്റെ രണ്ടാം ഭാഗം. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംരംഭകരോട് സപ്ലൈകോയുടെ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിപണനവുമായി ബന്ധപ്പെട്ട തങ്ങള്‍ക്ക് നല്‍കാനാകാവുന്ന ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ ഫോമുകളില്‍ പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടും. സംരംഭകര്‍ നല്‍കുന്ന ഈ ഫോമുകള്‍ ശേഖരിച്ച് ജനുവരി 30നകം സപ്ലൈകോയ്ക്ക് ലഭ്യമാക്കും. തുടര്‍ന്ന് ഫോമുകളില്‍ നില്‍കിയിരിക്കുന്ന ഉത്പന്നങ്ങളില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഉത്പന്നങ്ങള്‍ സപ്ലൈകോയുടെ 56 പ്രാദേശിക ഡിപ്പോകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏല്‍പ്പിക്കും. ആ ഡിപ്പോകളില്‍ നിന്നുമായിരിക്കും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഈ ഉത്പന്നങ്ങള്‍ ആവശ്യാര്‍ത്ഥം നല്‍കുക. ഇത് വിറ്റഴിക്കുന്ന മുറയ്ക്ക് സ്റ്റോറുകളിലേക്ക് കൂടുതല്‍ അളവ് ഉത്പന്നങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എത്തിക്കും.

ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ കുടുംബശ്രീയിലുള്ള 1000 സംരംഭകരുടെയെങ്കിലും ഉത്പന്നങ്ങള്‍ സപ്ലൈകോയിലൂടെ വിപണിയിലെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനും അങ്ങനെ കുടുംബശ്രീ സംരംഭകര്‍ക്ക് സപ്ലൈകോയിലൂടെ ഒരു വലിയ വിപണി തുറന്ന് നല്‍കാനും സാധിക്കും. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും കേരളത്തിലെ ഏറ്റവും വലിയ ഉപജീവന ദൗത്യവും തമ്മിലുള്ള ഈ കരാറിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താനും അതുവഴി കൂടുതല്‍ വരുമാനം ലഭ്യമാക്കാനും സാധിക്കുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹരി കിഷോര്‍ അറിയിച്ചു.