വികസനത്തിന് എതിര് നില്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാര്‍ - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : വികസനത്തിന് എതിര് നില്‍ക്കുന്നത് ചില നിക്ഷിപ്ത താത്പര്യക്കാരാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കുണ്ടറ കെ ജി പി യു പി സ്‌കൂളില്‍ ഹൈടെക്ക് പദ്ധതികളുടെ പ്രദേശിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബി ഫണ്ടും മറ്റ് തദ്ദേശ ഫണ്ടുകളും ഉപയോഗിച്ചണ് സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത്. ഫണ്ട് മുഴുവന്‍ ചെലവാകാതെ മിച്ചം പിടിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനകം ചുരുങ്ങിയ ഫണ്ടില്‍ വികസനം നടന്നപ്പോള്‍ ക്ഷീരമുള്ള അകിടില്‍ ചോര കാണുന്ന നിലപാടിലാണ് ചിലര്‍. കെ ഫോണ്‍ സംവിധാനത്തില്‍ നാടാകെ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ വരുമാനം പോകുമെന്ന ഭയത്താല്‍ സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടക്കുകയാണ്. ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തും കുട്ടികളെ വെറുതെ ഇരുത്താതെ ഓണ്‍ലൈനായി പഠിപ്പിക്കുകയാണ്. വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോകാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രമിക്കുന്നത്. കുണ്ടറയിലെ 73 സ്‌കൂളുകളില്‍ 766 ലാപ്ടോപ്പുകളും 465 പ്രൊജക്ടറും നല്‍കി. 19 സ്‌കൂളുകളില്‍ 43 ഇഞ്ച് ടി വി നല്‍കി. ക്യാമറ, പ്രിന്റര്‍, സ്പീക്കര്‍ എന്നിവ സഹിതം സ്‌കൂളുകളില്‍ ഉന്നത നിലവാരത്തിലെത്താന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍ അധ്യക്ഷയായി. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ സി പി പ്രദീപ്, രാജീവ്, ഷൈലാ മധു, രജില, പി ടി എ പ്രസിഡന്റ് സന്തോഷ്, എ ഇ ഒ എല്‍.രമ, വൈസ് ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.