പൊതുവിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം

post

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന നേട്ടം കരസ്ഥമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഹൈടെക് ക്ലാസ്മുറി, ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായതോടെയാണിത്. വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതോടെ 41 ലക്ഷം കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.

ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകളിലേക്ക് 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി- അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി. 12, 678 സ്‌കൂളുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഐ.ടി. ഉപകരണങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ വാറന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 1,83,440 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. 2017ലാണ് കൈറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്‍. പി, യു. പി വിഭാഗങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയത്.  കിഫ്ബിയുടെ ധനസഹായത്തോടെയായിരുന്നു പദ്ധതി. എം പി മാര്‍, എം എല്‍ എ മാര്‍ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.