ജലജീവന്‍ പദ്ധതി: കുണ്ടറയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post

കൊല്ലം:  ജലജീവന്‍ പദ്ധതി വഴി കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുണ്ടറ മണ്ഡലത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും  ജലജീവന്‍ മിഷന്‍ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  നടപ്പു സാമ്പത്തിക വര്‍ഷം 21.42 ലക്ഷം വീടുകള്‍ക്കും ടാപ്പ് വഴി കുടിവെള്ളം നല്‍കും. ആദ്യഘട്ടത്തില്‍ 16.48 ലക്ഷം വീടുകള്‍ക്ക്  കണക്ഷന്‍ ലഭിക്കും.  

പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം തുടക്കത്തില്‍ത്തന്നെ ലഭ്യമാകാന്‍ അവര്‍ക്ക് മുന്‍തൂക്കമുള്ള പഞ്ചായത്തുകളെ ആദ്യഘട്ടത്തില്‍ത്തന്നെ പദ്ധതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സുതാര്യവും സമയബന്ധിതവുമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.   .

സംസ്ഥാനത്തെ ജലവിതരണ രംഗത്തെ നാഴികക്കല്ലാവും ജലജീവന്‍ മിഷന്‍ പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സമ്പൂര്‍ണ കുടിവെള്ള ലഭ്യത എന്ന ഗ്രാമീണ ജനതയുടെ അവകാശം സ്ഥാപിച്ചു നല്‍കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.            

പദ്ധതി വഴി 2021 ല്‍ തന്നെ കുണ്ടറയിലെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കുമെന്ന് പദ്ധതിയുടെ പ്രാദേശിക ഉദ്ലാടനം നിര്‍വ്വഹിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുടിവെള്ള സ്രോതസുള്ള പഞ്ചായത്തുകളിലാണ് ഒന്നാംഘട്ട പദ്ധതി. കുണ്ടറ മണ്ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ നാലുവര്‍ഷത്തിനകം കുടിവെള്ള സ്രോതസ് കണ്ടെത്തിയതിനാല്‍ പദ്ധതി തുടങ്ങാന്‍ കഴിഞ്ഞു. കുണ്ടറ പേരയം കുടിവെള്ള പദ്ധതി ഡിസംബറോടെ കമ്മീഷന്‍ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ സംസ്ഥാനത്തിനായെന്ന് മന്ത്രി പറഞ്ഞു.

കുണ്ടറ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെ ഇളമ്പള്ളൂര്‍, കുണ്ടറ, പേരയം, കൊറ്റങ്കര, നെടുമ്പന, തൃക്കോവില്‍വട്ടം എന്നീ പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പെരിനാട് പഞ്ചായത്തിലെ 500 വീടുകളിലും കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തികള്‍ക്ക് ഈ വര്‍ഷം ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിലെ 36034 വീടുകളില്‍ കൂടി ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി 12537 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കി. പെരിനാട് പഞ്ചായത്തിലെ 500 വീടുകളില്‍ നിലവിലെ വിതരണ ശൃംഖലയില്‍ നിന്നും പുതിയ കണക്ഷന്‍ നല്‍കുന്നതിനായി 65 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

പെരിനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് പി ബാബു, ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികളായ എസ് ശ്രീദേവി, കെ രാജശേഖരന്‍, വി പ്രസന്നകുമാര്‍, ടി സുരേഷ് കുമാര്‍, എസ് ശ്രീകുമാരി, എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ശ്രീലത, സെക്രട്ടറി എ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.