കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണകാലം- മന്ത്രി കടകംപള്ളി സുരേന്ദ്രന്

കൊല്ലം : കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ കാലഘട്ടമാണെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മൂന്ന് കോടി ചെലവില്‍ നടപ്പിലാക്കുന്ന മണ്‍ട്രോതുരുത്ത് വില്ലേജ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജഡായുപ്പാറ, കൊല്ലം ബീച്ച്, തെന്മല ഇക്കോ ടൂറിസം, മീന്‍ പിടിപ്പാറ തുടങ്ങിയ പദ്ധതികള്‍ കൊല്ലത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റമുണ്ടാക്കി.
വിനോദ സഞ്ചാരത്തിലൂടെ ഗ്രാമീണ വികസനം നടപ്പിലാക്കാനാണ് മണ്‍ട്രോതുരുത്ത് പോലെയുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്. പരിസ്ഥിതിയ്ക്ക് കോട്ടം വരാതെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി ഗ്രാമീണ ജനതയ്ക്ക് ഉപജീവനം സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക. കാരൂത്ര കടവില്‍ വിനോദ സഞ്ചാരികളെ നേരിട്ട് സ്വീകരിക്കാന്‍ കഴിയുമെന്നും, പദ്ധതി നടപ്പിലാക്കുമ്പോള്‍ ധാരാളം വിനോദ സഞ്ചാരികള്‍ മണ്ട്രോതുരുത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള മണ്‍ട്രോതുരുത്തില്‍ നാലു വര്‍ഷം കൊണ്ട് നടപ്പിലാക്കിയ പദ്ധതികള്‍ ലോക ടൂറിസം മാപ്പില്‍ ദേശത്തിന് ഇടം നേടി കൊടുക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാല കിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, സ്ഥിരം സമിതി അധ്യക്ഷ തങ്കമണി ശശിധരന്, മണ്‍ട്രോതുരുത്ത് വൈസ് പ്രസിഡന്റ് മഞ്ചു സുനിധരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ രാജിലാല്‍, അനുപമ, സെക്രട്ടറി ടി എഫ് ജോസഫ്, ഡി റ്റി പി സി സെക്രട്ടറി സന്തോഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മ എന്നിവര്‍ പങ്കെടുത്തു.