സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി നടപ്പാക്കും: മന്ത്രി എ സി മൊയ്തീന്‍

post

ആലപ്പുഴ: സംസ്ഥാനത്തു 2100 കോടിരൂപയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വച്ഛ് ഭാരത് മിഷന്‍ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2020ല്‍ മാലിന്യ സംസ്‌കരണത്തില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌ക രിച്ച നഗരങ്ങളില്‍ ആലപ്പുഴ നഗരസഭ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി ലോക ബാങ്കിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഖരമാലിന്യ ശേഖരണവും സംസ്‌കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ജൈവ മാലിന്യ സംസ്‌കരണ രംഗത്ത് തനതായ മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ വെല്ലുവിളിയായി നിലനില്‍ക്കുന്നത് ജല മലിനീകരണമാണ്.

സവിശേഷമായ നിരവധി സംവിധാനങ്ങളായ പ്ലാസ്റ്റിക് ഷ്രഡിങ്ങ് യൂണിറ്റ്, ഏറോബിക് ബിന്‍, ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് മാലിന്യമുക്ത നഗരസഭയാകാന്‍ ആലപ്പുഴയെ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും എ.എം ആരിഫ് എംപി ആദരിച്ചു. കെ.സി.വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ശുചിത്വ അംബാസഡര്‍ കുഞ്ചാക്കോ ബോബന്‍, ചലച്ചിത്ര സംവിധായകന്‍ ഫാസില്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സി ജ്യോതിമോള്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ പങ്കെടുത്തു.