ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

post

കോഴിക്കോട് : ജില്ലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ വാണിമേല്‍, മണിയൂര്‍, വില്ല്യാപ്പള്ളി, കിണാശ്ശേരി എന്നിവയുടേയും പയ്യോളിയില്‍ പുതുതായി ആരംഭിക്കുന്ന നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനമാണ് നടന്നത്. ആരോഗ്യ-സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. 

1989ല്‍ ആരംഭിച്ച പരപ്പുപ്പാറ  പ്രാഥമിക ആരോഗ്യകേന്ദ്രം സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയത്. ഇതോടെ ആശുപത്രിയിലെ ഒ.പി സമയം വൈകുന്നേരം 6 മണി വരെയായി ദീര്‍ഘിപ്പിക്കും. പുതുതായി ആരംഭിക്കുന്ന ലാബ് സൗകര്യം വൈകുന്നേരം 4മണി വരെ ലഭ്യമാകും. ഡോക്ടര്‍മാരെ കൂടാതെ ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. ശ്വാസകോശ രോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയവക്ക് ആഴ്ച്ചതോറും സ്‌പെഷ്യല്‍ ക്ലിനിക്കുകള്‍ നടത്തും. 

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. എന്‍ആര്‍ എച്ച്എം ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതത്തില്‍ നിന്നും 17 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ നിന്നും 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ.കെ. വിജയന്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഇ.കെ വിജയന്‍ എംഎല്‍എ  നിര്‍വഹിച്ചു . അഷ്റഫ് കൊറ്റാല ചെയര്‍മാനും ടി. പ്രദീപ്കുമാര്‍ കണ്‍വീനറുമായ  ആശുപത്രി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആശുപ്രതി പ്രവേശനകവാടം, ഡിജിറ്റല്‍ ബോര്‍ഡ് എന്നിവ ഉള്‍പ്പെടെ വിവിധ സാധനസാമഗ്രികകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.  വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ ഷീ-കോര്‍ണര്‍ കെട്ടിടം ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണനും ഒ.പി കെട്ടിടം ഉദ്ഘാടനം വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയനും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.സജിത, തൂണേരി ബ്ലോക്ക് വികസന കാര്യ ചെയര്‍മാന്‍ കെ.ചന്തു മാസ്റ്റര്‍, വാണിമേല്‍ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ അഷ്‌റഫ് കൊറ്റാല, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.പി.ദേവി  തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നും 20 ലക്ഷം രൂപ,  പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.18 ലക്ഷം, ദേശിയ ആരോഗ്യ ദൗത്യം മുഖേന 15 ലക്ഷം രൂപയും ചെലവഴിച്ച് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മണിയൂരിലെ കുന്നത്തുകരയിലുള്ള ആരോഗ്യ കേന്ദ്രത്തില്‍ മൂന്നു ബ്ലോക്കുകളിലായി ഒ.പി ടിക്കറ്റ് കൗണ്ടര്‍, പ്രാഥമിക കാത്തിരുപ്പ് സൗകര്യം, പ്രീ ചെക്കപ്പ് ഏരിയ, ശ്വാസ്-ആശ്വാസ് പരിശോധന സൗകര്യം, ഡ്രസ്സിങ് റൂം, നിരീക്ഷണ മുറി, നെബുലൈസേഷന്‍ മുറി, പരിശോധന മുറി, ഫാര്‍മസി, വെയ്റ്റിങ് ഏരിയ, ലബോറട്ടറി, ഓഫീസ് സൗകര്യം, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം, പാലിയേറ്റീവ് സെന്റര്‍, ഒആര്‍ടി കോര്‍ണര്‍, സെക്കന്‍ഡറി വെയ്റ്റിങ് ഏരിയ, പൊതുജനാരോഗ്യ വിഭാഗം, കോണ്‍ഫറന്‍സ് ഹാള്‍, കൗണ്‍സിലിങ് കേന്ദ്രം, കുടിവെള്ളം, ബ്രേക്ക് ദി ചെയിന്‍ സംവിധാനം, ടോയ്‌ലറ്റ്, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവ നവീകരിച്ചു സജ്ജമാക്കി.

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് ചികിത്സ. മൂന്ന് ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സുകളും ഒരു ലാബ് ടെക്‌നീഷ്യന്‍ രണ്ട് ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. ചടങ്ങില്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ജയപ്രഭ, മെമ്പര്‍ കെ.പി കുഞ്ഞിക്കണ്ണന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ഗീത, ടി.കെ അഷ്‌റഫ്, ഡോ. രാജേഷ് ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

1971 ല്‍ ഡിസ്‌പെന്‍സറിയായി താല്‍കാലിക കെട്ടിടത്തില്‍ ആരംഭിച്ച വില്ല്യാപ്പള്ളി ആശുപത്രി ജനകീയ പങ്കാളിത്തത്തോടെയാണ് മുന്നേറിയത്. പരിശോധന മുറി, ഓഫീസ് സൗകര്യം, ഫാര്‍മസി, ഇന്റര്‍ ലോക്ക് പാകിയ മുറ്റം, പാര്‍ക്കിങ് സൗകര്യം, മുലയൂട്ടല്‍ കേന്ദ്രം, നേഴ്സിങ് മുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. പഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവിട്ട് ലാബും നിര്‍മിച്ചു. രണ്ടു ഡോക്ടര്‍മാര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.  പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങും ഇതോടൊപ്പം നടന്നു. ചടങ്ങില്‍  എം.പി കെ മുരളീധരന്‍ , എംഎല്‍എ പാറക്കല്‍ അബ്ദുള്ള, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൊടക്കലാണ്ടി കൃഷ്ണന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൊടക്കാട്ട് ബാബു, ഒ.എം ബാബു. കെ.എം ബാബു, വട്ടക്കണ്ടി കുഞ്ഞമ്മദ്, എം.പി.പ്രകാശ് കുമാര്‍, ടി.പി.രാജന്‍, ഡോ.ബിജിലേഷ് എന്നിവര്‍ പങ്കെടുത്തു.

ആര്‍ദ്രം മിഷന്റെ ഭാഗമായാണ് കിണാശേരി നഗരപ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍, വൈകിട്ട് ആറുവരെ ഒപി സൗകര്യം, ശ്വാസ് -ആശ്വാസ് ക്ലിനിക്കുകള്‍, ലാബ് സൗകര്യം, ടോക്കണ്‍ സിസ്റ്റം, കൂടുതല്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും സേവനം എന്നിവയും പ്രത്യേകതയാണ്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍നിന്ന് 12.96 ലക്ഷം രൂപയാണ് അനുവദിച്ചത്.  ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഗൈനക്കോളജി പരിശോധനയും ബുധനാഴ്ചകളില്‍ രോഗപ്രതിരോധശേഷി, വെള്ളിയാഴ്ചകളില്‍ ജീവിത ശൈലീരോഗ നിര്‍ണയ പരിശോധനയും നടത്തും.  തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണി വരെ ഒ.പി സൗകര്യമുണ്ട്. ഡോ. എം.കെ.മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു.

എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കീഴൂരില്‍ സബ് സെന്ററിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് പയ്യോളി നഗരസഭ 'നഗര കുടുംബാരോഗ്യ കേന്ദ്രം'  പ്രവര്‍ത്തിക്കുക. പയ്യോളി നഗരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ താമസിച്ചു വരുന്ന വലിയൊരു വിഭാഗം ജനതക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രദേശമാണ് കീഴൂര്‍.  ഉച്ചക്ക് ഒരു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഒ.പി. ഒരു ഡോക്ടര്‍, രണ്ട് നേഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഒ.പി. കൗണ്ടര്‍ സ്റ്റാഫ് എന്നിവരെയാണ് ഇവിടേക്ക് അനുവദിച്ചിട്ടുള്ളത്. എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് ഫാര്‍മസി, ലാബ്, നിരീക്ഷണ മുറി, നേഴ്‌സിംഗ് സ്റ്റേഷന്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളുംമറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഒ.പി, ഫാര്‍മസി, ലാബ്, ഇമ്മ്യൂണൈസേഷന്‍, ഫാമിലി പ്ലാനിങ്, മറ്റു അനുബന്ധ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെ.ദാസന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി.ഉഷ, വൈസ് ചെയര്‍മാന്‍ കെ.വി. ചന്ദ്രന്‍, സ്ഥിരം സമിതി അംഗം സമീറ, കൗണ്‍സിലര്‍മാരായ മഠത്തില്‍ നാണു മാസ്റ്റര്‍, പ്രമീള രാജന്‍, ഷാഹുല്‍ഹമീദ്, പയ്യോളി  മെഡിക്കല്‍ ഓഫീസര്‍ ഡോ. നിസ്മ ബാവ ഉസ്മാന്‍, മേലടി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ അബ്ദുല്‍ബാരി, ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ പി.ഷിജിത്, മേലടി പിഎച്ച്‌സി പിആര്‍ഒ ജയപ്രവീണ്‍, എല്‍എച്ച്വി എം.പത്മിനി, കണ്‍വീനര്‍ ആര്‍.രമേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.