കോവിഡ്; അണുനശീകരണ രംഗത്ത് കര്‍മ്മ നിരതരായി കുടുംബശ്രീ അംഗങ്ങള്‍

post

കാസര്‍കോട് : കോവിഡ് കാലത്ത് വീടുകളിലും കടകളിലും ഓഫീസുകളിലും വാഹനങ്ങളിലുമെല്ലാം അണു നശീകരണം എന്നത് വലിയ ആവശ്യമാണ്. തുടക്ക കാലം മുതല്‍ തന്നെ കോവിഡ് മുന്നണി പോരാളികളായി സമൂഹത്തില്‍ നിലയുറപ്പിച്ച കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഈ ദൗത്യം ഏറ്റെടുക്കുകയാണ്. നാട്ടിന്റെ മുക്കിലും മൂലയിലും പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളുടെ സംഘം അണുനശീകരണത്തിനെത്തുന്നു. പി.പി.ഇ കിറ്റും ഷീല്‍ഡും എന്‍95 മാസ്‌ക്കും കൈയ്യുറകളുമെല്ലാമായി വൈറസിനെതിരെ വളരെ ജാഗ്രതയോടെയാണ് ഇവര്‍ പൊരുതുന്നത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയത്. കാസര്‍കോട് നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ, അജാനൂര്‍, ഉദുമ, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍പെരിയ, മംഗല്‍പ്പാടി, കിനാനൂര്‍ കരിന്തളം, കുറ്റിക്കേല്‍, ചീമേനി, വെസ്റ്റ് എളേരി, ചെറുവത്തൂര്‍, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുമാണ് പദ്ധതിയുടെ ഭാഗമായ കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്തത്. അഞ്ച് മുതല്‍ എട്ട് പേര്‍വരെ അടങ്ങിയ സംഘം ആവശ്യാനുസരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തി അണുനശീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. കുടുംബശ്രീ അംഗങ്ങളായ ഹരിത കര്‍മ്മസേന വളണ്ടിയര്‍മാരാണ് അണുനശീകരണത്തിനെത്തുന്നത്.

തുറസ്സായ പ്രദേശങ്ങളില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി സ്‌പ്രേ ചെയ്യുകയും ഓഫീസ് മുറി, വീട്ടു മുറികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ ഫോഗിങ് ഓയില്‍ ഉപയോഗിച്ച് പുകയ്ക്കുകയാണ് ചെയ്യുന്നത്. അണുനശീകരണത്തിന്റെ ഫീസ് വീട്ടുടമസ്ഥരോ, സ്ഥാപനമോ, വാഹന ഉടമകളോ ആണ് നല്‍കേണ്ടത്. നിലവില്‍ പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് ആവശ്യമായ അവശ്യ വസ്തുക്കള്‍ ജില്ലാമിഷനാണ് എത്തിച്ച് നല്‍കുന്നത്.

ജില്ലയില്‍ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വ്യക്തികളും സ്ഥാപനങ്ങളും അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയുമായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ റിസ്‌ക്കുള്ള ചുമതലയാണെന്ന് അറിയാമെങ്കിലും സാമൂഹിക ബോധ്യത്തോടെ കര്‍മ്മ നിരതരാവുകയാണ് എല്ലാ അംഗങ്ങളും എന്നും കുടുംബശ്രീ ജോബ് കഫേ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജേഷ് എ.വി പറഞ്ഞു.