ആറന്മുള മണ്ഡലത്തില്‍ പുതിയതായി മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍: വീണാ ജോര്‍ജ് എംഎല്‍എ

post

പത്തനംതിട്ട: സംസ്ഥാനത്ത് 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതില്‍ മൂന്നെണ്ണം ആറന്മുള മണ്ഡലത്തിലാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എംഎല്‍എ. ആറന്മുള മണ്ഡലത്തില്‍ മെഴുവേലി, കോയിപ്രം, ഓമല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കുടുംബാരോഗ്യകേന്ദ്രം ആരംഭിച്ചത്. 

നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയ്ക്ക് പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. കോവിഡ് 19 ചികിത്സയ്ക്കായി 99.5 ശതമാനം ആളുകളും സര്‍ക്കാര്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിടുമ്പോഴും 0.4 ശതമാനം മാത്രമാണ് മരണം സംഭവിക്കുന്നത്. ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുവീടാന്തരം കയറി ബോധവത്കരണം നടത്തി വലിയ പ്രവര്‍ത്തനമാണ് കോവിഡിനെതിരേ നടത്തിയത്. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. റോഡ്, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

മുന്‍ എംഎല്‍എ കെ. സി. രാജഗോപാല്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പിങ്കി ശ്രീധര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. സത്യവ്രതന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. എസ്. അനീഷ് മോന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി ലാല്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗിരിജ ശുഭാനന്ദന്‍, സീമ ബിനു, കെ. എന്‍. രാധാചന്ദ്രന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആര്‍ദ്രം മിഷന്‍ അസി.നോഡല്‍ ഓഫീസര്‍ ഡോ. സി. ജി. ശ്രീരാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.