ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട: ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നവകേരള മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം മിഷന്‍, സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ, പൊതുജന സൗഹൃദ ആശുപത്രികള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ നടന്നുവരികയാണ്. 

പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളുടേയും ആരോഗ്യ പരിരക്ഷണം കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ സാധ്യമാകും. ഒരേസമയം മൂന്ന് ഡോക്ടര്‍മാരുടേയും നാല് സ്റ്റാഫ് നഴ്‌സുമാരുടേയും സേവനമാണ് ഇവിടെ ലഭ്യമാകുക. രാവിലെ ഒന്‍പതുമണി മുതല്‍ വൈകിട്ട് ആറുവരെ ഇനി ഒ.പി. സൗകര്യം ലഭ്യമാകും.

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മാത്യു ടി. തോമസ് എം.എല്‍.എ.,ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനു സാജന്‍, പഞ്ചായത്ത് അംഗങ്ങളായ ജോളി വര്‍ഗീസ്, ഡെയ്‌സി വര്‍ഗീസ്, ആനിക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജലി കൃഷ്ണ, ഡോ. നിഷോര്‍ ടി. കുമ്പളോലില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.