പ്രമാടത്തുപാറ വാട്ടര്‍ ടാങ്കില്‍ നിന്ന് 1600 കുടുംബങ്ങള്‍ക്ക് കുടിവെള്ളം

post

പത്തനംതിട്ട : തോട്ടപ്പുഴശേരി പഞ്ചായത്തിലെ പ്രമാടത്തുപാറ വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ 15.25 ലക്ഷം രൂപ അനുവദിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. നാട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വീണാ  ജോര്‍ജ് എംഎല്‍എ ഇടപെട്ടാണ് 30 വര്‍ഷം പഴക്കമുള്ള ടാങ്ക് പുനരുദ്ധാരണം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് അനുവദിപ്പിച്ചത്. 2.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്നതിനുള്ള ശേഷി പുതിയ ടാങ്കിനുണ്ട്. ഇത് പ്രദേശത്തെ 1600 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഉപകരിക്കും.

പമ്പാ നദിയില്‍ നിന്ന് തോട്ടപ്പുഴശേരി പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളം പ്രമാടത്തുപാറയില്‍ സ്ഥിതി ചെയുന്ന ഭൂതല ജല സംഭരണിയില്‍ സംഭരിച്ചു കട്ടേപ്പുറം, ചരല്‍കുന്ന് എന്നിവിടങ്ങളിലെ ജല സംഭരണികളില്‍ എത്തിച്ചു തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. പദ്ധതി നടപ്പായതോടെ ഈ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.