മുരുകന്‍കുന്ന്, മുല്ലമ്പൂ വട്ടവിള കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

post

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പട്ടികജാതി പട്ടികവര്‍ഗ വികസനം, പിന്നോക്കവിഭാഗ ക്ഷേമം വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മുരുകന്‍കുന്ന് പട്ടികജാതി കോളനിയിലും മുല്ലമ്പൂ വട്ടവിള കോളനിയിലുമാണ് ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 1.51 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 

മങ്ങാട് ന്യൂമാന്‍ സ്‌കൂളിനു സമീപം കെ.ഐ.പി സ്ഥലത്ത് കിണര്‍ നിര്‍മ്മിച്ച് മുരുകന്‍കുന്ന് പട്ടികജാതി കോളനിയില്‍ 50,000 ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിയുന്ന ടാങ്ക് നിര്‍മ്മിച്ച് എല്ലാ വീടുകളിലും ടാപ്പ് സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. മുല്ലമ്പൂ വട്ടവിള കോളനിയില്‍ നിലവിലുള്ള കുളത്തില്‍ നിന്നും ജലം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതാണ് പദ്ധതികളില്‍ രണ്ടാമത്തേത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു കോളനികളിലേയും 80 ജനറല്‍ വിഭാഗം കുടുംബങ്ങളുടേയും 186 പട്ടികജാതി കുടുംബങ്ങളുടേയും ഉള്‍പ്പടെ 272 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. ഇവ കൂടാതെ പട്ടികജാതി വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുല്ലമ്പൂവട്ടവിള കോളനിയില്‍ 50 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. 

   കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.ബി രാജീവ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.രാജഗോപാലന്‍ നായര്‍, ഏഴംകുളം അജു, ഏഴംകുളം ഗ്രാമപഞ്ചായത്തംഗം വിജു രാധാകൃഷ്ണന്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗമായ ബിനോയ് രാജ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.