ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കും: ആരോഗ്യ മന്ത്രി

post

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസര്‍േകാട് മെഡിക്കല്‍ കോളേജിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 293 തസ്തികകള്‍ പുതുതായി സൃഷ്്ടിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്.എങ്കിലും പൂതുതായി ഡോക്ടര്‍മാര്‍ വരാത്തത് പ്രതിസന്ധിയാണ്. പൊതുജനാരോഗ്യ മേഖല അനുദിനം വികസിക്കുന്ന കേരളത്തില്‍ എയിംസ് അനുവദിക്കേണ്ടതാണ്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി നിരന്തര പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്നുണ്ട്. സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന വിഹിതം 100 ഇരട്ടിയാക്കി പൊലിപ്പിച്ച് ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു ഉണ്ടെങ്കിലും കേരളത്തിന് പരിഗണന നല്‍കിയിട്ടില്ല. എങ്കിലും എയിംസിനായി നാം പരിശ്രമം തുടരുമെന്നും കാസര്‍കോടിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതികള്‍: 15 കോടിയുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി

നീലേശ്വരം താലൂക്ക് ആശുപത്രികളില്‍ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിന്റെ നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ചെറിയ രോഗത്തിനുപോലും മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്ന പ്രവണതയാണ് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ മേഖലയിലെ വളര്‍ച്ച മുരടിപ്പിച്ചതെന്നും ഈ പ്രവണത ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.  നീലേശ്വരം താലൂക്ക് ആശുപത്രിയുടെ നിലമെച്ചപ്പെടുത്താന്‍ നഗരസഭയുടെ അശ്രാന്ത പരിശ്രമം ആണ് നടക്കുന്നത്. കൂടാതെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടിയുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഭരണാനുമതി ആയിട്ടുണ്ട്. ഇതുകൂടി പൂര്‍ത്തിയാകുമ്പോള്‍ താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ലഭ്യമാകും. 

ആരോഗ്യ മേഖലയില്‍ കാസര്‍കോട് മുന്നേറുന്നു

ആരോഗ്യ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിന് അവസ്ഥ ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ  ഭാഗമായി ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി ഉയര്‍ത്തി. 2016ലെ ജില്ലയുടെ ആരോഗ്യ മേഖലയല്ല 2020ലേത്. ആരോഗ്യമേഖലയെ കാസര്‍കോടിനെ ബാലാരിഷ്ടതകള്‍ നീങ്ങി തുടങ്ങി.  

നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തു

നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ 2.13 കോടി രൂപ ചിലവഴിച്ചാണ് രണ്ടു നിലയുള്ള പുതിയ ഐ പി ബ്ലോക്കിന്റെ കെട്ടിടം നിര്‍മ്മിച്ചത്. ഇതില്‍ വൈദ്യുതി സംവിധാനങ്ങള്‍ ഒരുക്കിയത് നീലേശ്വരം നഗരസഭയും കാസര്‍കോട് വികസന പാക്കേജും ചേര്‍ന്നാണ്്. 1958ല്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്ത പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമായും തുടര്‍ന്ന് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയായും ഉയര്‍ത്തുകയായിരുന്നു. എന്‍ ബാലകൃഷ്ണന്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 1974ലാണ് ഐ പി കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് ജില്ലയിലെ വിമുക്തി കേന്ദ്രവും, മള്‍ട്ടി ഫാര്‍മസി കൗണ്ടറും,ഫിസിയോ തൊറാപ്പി യൂണിററും ഈ ആശുപത്രിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നീലേശ്വരത്തും പരിസരങ്ങളിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ ആരോഗ്യ വകുപ്പിന്റെ കായകല്പം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദിനംപ്രതി എണ്ണൂറില്‍പരം ആളുകള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയിലെ പൂതിയ കെട്ടിടം കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ നീലേശ്വരത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടാകുക.

ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ എംപി പി കരുണാകരന്‍ എന്നിവര്‍ മുഖ്യാതിഥിയായി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി മനോഹരന്‍, എറുവാട്ട് മോഹനന്‍ പി ഭാര്‍ഗവി, എം സാജിത, എം പി സുരേന്ദ്രന്‍ മുന്‍ എംഎല്‍എ കെ പി സതീഷ് ചന്ദ്രന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. മനോജ്്, കക്ഷി നേതാക്കളായ ടി കെ രവി, എം അസിനാര്‍, പി രാമചന്ദ്രന്‍ സി കെ കെ മാണിയൂര്‍,  വെങ്ങാട്ട് കുഞ്ഞിരാമന്‍,  സുരേഷ് പുതിയേടത്ത്,  കൈപ്രത്ത്  കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമന്‍, ഉപേന്ദ്രന്‍ മടിക്കൈ, ഡോ. വി സുരേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡ് പ്രതിരൊധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും എല്ലാ ജീവനക്കാരെയും ചടങ്ങില്‍ ഉപഹാര സമര്‍പ്പണം നല്‍കി ആദരിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ സ്വാഗതവും നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.