കരുതല്‍ പദ്ധതിക്ക് കുന്നന്താനത്ത് തുടക്കം

post

പത്തനംതിട്ട: കുന്നന്താനം പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ സിഡിഎസ് മുഖേന അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്ന 'കരുതല്‍' പദ്ധതി കുന്നന്താനം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 15 അംഗ സിഡിഎസും വാര്‍ഡ് തലത്തില്‍ നേതൃത്വം കൊടുക്കുന്ന എഡിഎസും 128 അയല്‍ക്കൂട്ടങ്ങളിലായി 2,460 അംഗങ്ങളുമുള്ള വനിതാ കൂട്ടായ്മ പഞ്ചായത്തിന്റെ ശക്തിയും കുടുംബങ്ങളുടെ ഭദ്രതയുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ലിങ്കേജ് വായ്പയായി 1,11,28,500 രൂപയും കൃഷി വായ്പയായി 98,60,000 രൂപയും പിന്നോക്കം കോര്‍പ്പറേഷറില്‍ നിന്നും 42,00,000 രൂപയും മുഖ്യമന്ത്രിയുടെ സഹായഹസ്തം മുഖേന 1,17,55,000 രൂപയും ലഭ്യമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞുവെന്ന് പ്രസിഡന്റ് പറഞ്ഞു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കമലമ്മ നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. ശശികുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. എം. മോഹനന്‍, പഞ്ചായത്തംഗങ്ങളായ ടി. ആര്‍. രാജു, പി. ടി. സുഭാഷ്, ശ്രീദേവി സതീഷ് ബാബു പങ്കെടുത്തു.