വിദ്യാഭ്യാസമേഖലയില്‍ രണ്ടു പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

post


തിരുവനന്തപുരം: 2019-20 വര്‍ഷത്തില്‍ വിദ്യാഭ്യാസമേഖലയില്‍ രണ്ടു പുതിയ പദ്ധതികളുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. സ്‌കൂളുകളില്‍ ബസ് വാങ്ങി നല്‍കുന്ന 'സാരഥി', സമ്പൂര്‍ണ ക്ലാസ് റൂം ലൈബ്രറിയുള്ള ജില്ലയാക്കാന്‍ 'സര്‍ഗവായന, സമ്പൂര്‍ണവായന' എന്നീ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. 

ബസുകള്‍ സ്‌കൂളുകള്‍ക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി പിണറായി വിജയനും, ക്ലാസ് റൂം ലൈബ്രറിയുടെ അഞ്ചുലക്ഷം പുസ്തകങ്ങള്‍ ഏറ്റുവാങ്ങല്‍ പരിപാടിയുടെ ഉദ്ഘാടനം സഹകരണടൂറിസംദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 26 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബസ് വാങ്ങിനല്‍കുന്നതിനാണ് 'സാരഥി' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പിന്നാക്കമേഖലകളിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാനും സുരക്ഷിതമാക്കാനുമാണ് പദ്ധതി. പ്രത്യേകിച്ച് മലയോര, ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണകരമാകും. സ്‌കൂള്‍ ബസുകളുടെ ആവര്‍ത്തന പരിപാലന ചെലവുകള്‍ അതത് സ്‌കൂള്‍ പി.ടി.എകള്‍ നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. 

തിരുവനന്തപുരം ജില്ലയെ സമ്പൂര്‍ണ ക്ലാസ് റൂം ലൈബ്രറിയുള്ള ജില്ലയാക്കാനുള്ള പദ്ധതിയാണ് 'സര്‍ഗവായന, സമ്പൂര്‍ണവായന'. ജില്ലയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ലൈബ്രറി സജ്ജമാക്കുകയും വിവിധതലങ്ങളില്‍ വായനാ അനുബന്ധ പരിപാടികളും വായനോത്സവവും സംഘടിപ്പിക്കല്‍, വിദ്യാര്‍ഥികളില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലാകെ 988 പൊതുവിദ്യാലയങ്ങളാണുള്ളത്. ജില്ലയിലെ സ്‌കൂളുകളില്‍ കേരളപ്പിറവി ദിവസം മുതല്‍ ഒരാഴ്ചക്കാലമാണ് പുസ്തകസമാഹരണ യജ്ഞം നടത്തുന്നത്. 

സ്‌കൂള്‍ തലത്തില്‍ രൂപീകരിച്ച സമിതികളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ ചെറുസംഘങ്ങള്‍ പ്രദേശത്തെ പ്രധാന വ്യക്തികളുടെ വീട് സന്ദര്‍ശിച്ച് പദ്ധതിക്കായി പുസ്തകങ്ങള്‍ ശേഖരിക്കും. പുസ്തകം സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ സജ്ജീകരിക്കുക, പ്രാദേശിക വായനാശാലകളുടെ വിഭവങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രയോജനപ്പെടുത്തുക, കുട്ടികളുടെ വായനയില്‍ സമൂഹ പിന്തുണ ഉറപ്പാക്കുക, ക്ലാസ് ലൈബ്രറി ചിട്ടപ്പെടുത്തി അധിക വാനയിലേക്കും സ്വതന്ത്ര വായനയിലേക്കും കുട്ടികളെ നയിക്കാന്‍ അധ്യാപകവെ സജ്ജമാക്കുക തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നാലു വര്‍ഷത്തിനിടെ 130 കോടി രൂപയുടെ വിവിധ പദ്ധതികളാണ് വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കിയത്. നാലിന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആസൂത്രണബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.