സുഭിക്ഷകേരളം പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു : നിലവില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്

post

പാലക്കാട് : ഭക്ഷ്യ സ്വയംപര്യാപ്തതയും കോവിഡ് കാല ഭക്ഷ്യക്ഷാമവും മുന്നില്‍ക്കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. തരിശുകിടന്ന മണ്ണും പാഴായി പോകുമായിരുന്ന സമയവുമാണ് പദ്ധതി പ്രകാരം ഉപയോഗപ്രദമാകുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധരാഷ്ട്രീയ സംഘടനകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെല്ല്, പച്ചക്കറി,  വാഴ,  ഫലവൃക്ഷങ്ങള്‍,  കിഴങ്ങുവര്‍ഗ്ഗങ്ങള്‍,  പയറുവര്‍ഗങ്ങള്‍,  ചെറുധാന്യങ്ങള്‍ തുടങ്ങി വിവിധ തരം കൃഷികളാണ് ജില്ലയില്‍ 3662 കര്‍ഷകരിലൂടെ തരിശുനില കൃഷിയില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായാണ് കൃഷി പുരോഗമിക്കുന്നത്. ജില്ലയില്‍ അട്ടപ്പാടി ബ്ലോക്കിലെ അഗളി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കൃഷി ഇറക്കിയിരിക്കുന്നത്. 859 ഏക്കര്‍ നിലത്ത് നെല്ല്, പച്ചക്കറി, ധാന്യങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിതരണം ചെയ്തത് 8.1 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ 8.1 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകളും 8.7 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തിട്ടുണ്ട്.

ഫലവര്‍ഗ വിളകള്‍ക്കായി  4.7 ലക്ഷം തൈകളുടെ വിതരണം നടത്തി

ഫലവര്‍ഗ വിളകളുടെ ദീര്‍ഘകാല ഉല്‍പാദനം ലക്ഷ്യമിട്ട് ജൂണ്‍ 20 വരെയുള്ള ഒന്നാംഘട്ടത്തില്‍ 4.7 ലക്ഷം തൈകളുടെ വിതരണം നടത്തി.  സെപ്റ്റംബര്‍ 30 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 7.17 ലക്ഷം തൈകളുടെ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  ഇതില്‍ അഞ്ച് ലക്ഷം തൈകള്‍ വിതരണം ചെയ്തു കഴിഞ്ഞു. മൊത്തം ഒരുകോടി ഫലവര്‍ഗ വിളകളുടെ വിതരണമാണ് പദ്ധതി  ലക്ഷ്യമിടുന്നത്.

 41 ഇക്കോ ഷോപ്പുകളും 35 ആഴ്ച ചന്തകളും

 സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പ്പന്നങ്ങളുടെ സംഭരണത്തിനും  വിതരണത്തിനുമായി   ജില്ലയില്‍ 41 ഇക്കോ ഷോപ്പുകള്‍ 35 ആഴ്ച ചന്തകളും  ഉണ്ട്.  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയുള്ള വിപണനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 ജലവിതരണ ക്രമം തയ്യാറാക്കുന്നതിന് പദ്ധതികള്‍ : മഴമറ കൃഷിയും സജീവം

 സുഭിക്ഷ കേരളം പദ്ധതി ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മലമ്പുഴ,  കാഞ്ഞിരപ്പുഴ ഡാമുകളില്‍നിന്നും ജലവിതരണ ക്രമം തയ്യാറാക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൂടാതെ പി എം കെ എസ് വൈ പദ്ധതി പ്രയോജനപ്പെടുത്താനും കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  നേരിട്ടുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ വിധേയമാകാത്ത മഴമറ  കൃഷിയില്‍ 67 യൂണിറ്റുകളിലായി 6348 മീറ്റര്‍  കൃഷിയാണ് ചെയ്തിരിക്കുന്നത്. മഴമറ കൃഷിയില്‍ പ്രധാനമായും വെണ്ട, പയര്‍, വഴുതിന, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

 അഗ്രോ സര്‍വീസ് സെന്ററുകളും കാര്‍ഷിക കര്‍മസേന കളും സന്നദ്ധരാഷ്ട്രീയ സംഘടനകളും കൃഷിയില്‍ സജീവം

ജില്ലയിലെ ആറ് അഗ്രോ സര്‍വീസ് സെന്ററുകള്‍, 27 കാര്‍ഷിക കര്‍മസേനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് പുറമെ താല്പര്യമുള്ള പ്രവാസികള്‍,  യുവജനങ്ങള്‍ തുടങ്ങിയവര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പദ്ധതിപ്രകാരം അവസരം ഉണ്ട്. പട്ടാമ്പി, ആലത്തൂര്‍, പാലക്കാട്, കൊല്ലങ്കോട്, കുഴല്‍മന്ദം, മണ്ണാര്‍ക്കാട്,അഗളി ബ്ലോക്ക് പഞ്ചായത്തുകളിലായി 15 ഓളം പ്രവാസികള്‍ സുഭിക്ഷകേരളം പദ്ധതിയിലൂടെയുള്ള കൃഷി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പുറമേ അഗളി ഗ്രാമപഞ്ചായത്തില്‍ പ്രവാസികളുടെ കൂട്ടായ്മയും തരിശു നിലത്തില്‍ കൃഷി ഇറക്കിയിട്ടുണ്ട്.

ജില്ലയിലെ വിവിധ സന്നദ്ധ,  രാഷ്ട്രീയ സംഘടനകള്‍ വഴി 6.7 ഹെക്ടര്‍ തരിശുനിലമാണ് ഇതുവരെ കൃഷി ഭൂമിയായി മാറ്റിയത്.  കൂടാതെ കുടുംബശ്രീ മുഖേന ജില്ലയില്‍ 341.55  ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കിയിട്ടുണ്ട്.

മത്സ്യകൃഷിയും സജീവം

 വീട്ടുവളപ്പില്‍ മത്സ്യ കൃഷിക്കായി കുളം നിര്‍മ്മിച്ച് പദ്ധതിപ്രകാരം 42 പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം പൂര്‍ത്തിയായി ആയി. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

സംയോജിത കൃഷിക്കായി 881 യൂണിറ്റുകള്‍

കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം,  കോഴി, മത്സ്യം,  താറാവ്,  തേനീച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്ന് പരമാവധി ആദായം  ഉറപ്പാക്കുന്ന സംയോജിത കൃഷിക്കായി  നിലവില്‍ പദ്ധതിപ്രകാരം 881 യൂണിറ്റുകള്‍ സജ്ജമായിട്ടുണ്ട്.

 സുഭിക്ഷ കേരളം പദ്ധതിക്കായി 731.589 ലക്ഷം രൂപ നീക്കിവെച്ചത് 14.1 8 ലക്ഷമാണ് ഇതുവരെ ചെലവഴിച്ചത്. 2020 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭൗതിക സൗകര്യങ്ങള്‍ കൈവരിക്കുകയാണ് ഉദ്ദേശം. വരും മാസങ്ങളില്‍ പദ്ധതിനിര്‍വഹണത്തില്‍ ആയി കൂടുതല്‍ തുക ചെലവഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കായി  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,  യുവജന കര്‍ഷക കൂട്ടായ്മകള്‍,  സന്നദ്ധ, രാഷ്ട്രീയ സംഘടനകള്‍ എന്നിവയെല്ലാം സുഭിക്ഷ കേരളം പദ്ധതിയില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയാണ്.