ആരോഗ്യ മേഖല ക്രിയാത്മക മാറ്റത്തിന്റെ വഴിയില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

post

മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം : സംസ്ഥാനത്തെ ആരോഗ്യ മേഖല ക്രിയാത്മകവും ഗുണകരവുമായ മാറ്റത്തിന്റെ വഴിയിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പല സൂചികകളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളുമാണ് ആരോഗ്യ രംഗത്ത് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ ആശുപത്രികള്‍ രോഗീസൗഹൃദ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതോടെ ഈ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു മന്ത്രി പറഞ്ഞു.
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി പുതിയതായി നിര്‍മിച്ച അഞ്ചുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം വാര്‍ഡുകള്‍, നിരീക്ഷണ മുറികള്‍, ഫാര്‍മസി, പ്രാഥമിക ചികിത്സക്കുളള സൗകര്യങ്ങള്‍, എക്‌സറേ യൂണിറ്റ്, സന്ദര്‍ശക ലോബി, ലാബുകള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. 34200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 6.95 കോടി രൂപ ചിലവിട്ടു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആശ്വാസ്, ശ്വാസ് ക്ലിനിക്കുകളും കൗണ്‍സലിംഗ് സൗകര്യവുമുണ്ട്.  മൂന്ന് ഡോക്ടര്‍മാര്‍, നാല് നഴ്‌സിംഗ് സ്റ്റാഫ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനവും ലഭ്യമാണ്. പി.സി. ജോര്‍ജ് എംഎല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജേഷ്, മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ .എസ് രാജു, . ജെസി ജോസ്, കെ.ബി. രാജന്‍, ബിനു സജീവ്,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി.എ ഷെമീര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ കുഞ്ഞുമോന്‍, അംഗങ്ങള്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍ദ്രം കോര്‍ഡിനറ്റര്‍ ഡോ അജയ് മോഹന്‍, ആശുപത്രി സൂപ്രണ്ട് ഡോ ഡാളി സക്കറിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.