ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: ആരോഗ്യ പരിപാലനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശമായതിനാല്‍ അതുമായിബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു നല്‍കിയാല്‍ അവ എത്രയും വേഗം അംഗീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. പ്രഭാതസായാഹ്ന നടത്തവും ഹെല്‍ത്ത് ക്ലബും ഉള്‍പ്പടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആരോഗ്യ ഗ്രാമം പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ് ആരോഗ്യ ഗ്രാമം. പഞ്ചായത്ത് തലത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. എട്ടര ഏക്കറോളം വരുന്ന ആര്യശ്ശേരി ചിറക്കുളം നവീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രഭാത, സായാഹ്ന നടത്തത്തിനായി കുളത്തിന് ചുറ്റും നടപ്പാത, കൈവരി, വെളിച്ചം എന്നിവ സജ്ജീകരിച്ചു. ഇതിനോട് ചേര്‍ന്നുതന്നെയാണ് ജിം ഉള്‍പ്പെടുന്നഹെല്‍ത്ത് ക്ലബ്ബും തയ്യാറാക്കിയിട്ടുള്ളത്. കൊടവിളാകം,മുര്യങ്കര വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം.

സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എസ്. കെ. ബെന്‍ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വൈസ് പ്രസിഡന്റ് ആര്‍. സുകുമാരി, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.