ചെമ്മരുതിയുടെ സ്വന്തം കുത്തരി പൊതുവിപണിയിലേക്ക്

post

തിരുവനന്തപുരം: അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കൃതിയും പച്ചപ്പും തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത്. മായം ചേരാത്ത, തവിടു കളയാത്ത ചെമ്മരുതിയുടെ സ്വന്തം കുത്തരി ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാകും. ചെമ്മരുതി പഞ്ചായത്തിന്റെ സ്വന്തം ബ്രാന്‍ഡായ കുത്തരിയുടെ വിപണനോദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വി. ജോയ് എംഎല്‍എ നിര്‍വഹിക്കും.

10 കിലോഗ്രാമിന്റെ പായ്ക്കറ്റിലാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ 68 ഹെക്ടറിലാണ് നെല്‍കൃഷി നടത്തിയത്. ഈ നെല്ല് കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് കൃഷിഭവന്‍ നേരിട്ട് ശേഖരിച്ച്, അവ കുടുംബശ്രീ വഴി തവിടുകളയാത്ത കുത്തരിയാക്കിയശേഷം പഞ്ചായത്താണ് വിപണിയിലെത്തിക്കുന്നത്.

17.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ചെമ്മരുതി പഞ്ചായത്തില്‍ 1.26 ചതുരശ്ര കിലോമീറ്ററിലും നെല്‍വയലുകളാണ്. മുന്‍പ് പഞ്ചായത്തിലെ പനയറ, ചെമ്മരുതി, മുത്താന, മുട്ടപ്പലം, കോവൂര്‍, പ്രാലേയഗിരി, കൂട്ടപ്പുര എന്നിങ്ങനെ ഏഴു പാടശേഖരങ്ങളിലായി 126 ഹെക്ടര്‍ പ്രദേശത്താണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. കാലക്രമേണ കൃഷി 68 ഹെക്ടറിലായി ചുരുങ്ങി. രണ്ടാം വിളയില്‍ 70 ഹെക്ടര്‍ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ജീവനി പദ്ധതിയിലൂടെ പഞ്ചായത്തിലെ തരിശായിക്കിടന്നിരുന്ന പുരയിടങ്ങളില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്കൊപ്പം കുടുംബശ്രീ യൂണിറ്റുകളും തൊഴിലുറപ്പ് തൊഴിലാളികളും കൈകോര്‍ത്തതോടെ ഗ്രാമത്തിലെ കാര്‍ഷിക മേഖലയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കാനായതായി ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ. എച്ച്. സലിം പറഞ്ഞു.