ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 1.25 കോടിയുടെ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു

post

പാലക്കാട് :  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഒന്നേകാല്‍ കോടിയുടെ ഫര്‍ണിച്ചര്‍ വിതരണോദ്ഘാടനം   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 30 ഹൈസ്‌കൂളുകള്‍ക്ക് 877 സെറ്റ്,  28 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 584 സെറ്റ്  ഫര്‍ണിച്ചറുകളുമാണ് വിതരണം ചെയ്യുന്നത്.  നാലു വര്‍ഷത്തിനിടെ അഞ്ചു കോടി രൂപയുടെ ഫര്‍ണിച്ചറുകള്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച അക്കാദമിക വിജയം നേടാനാകുന്നുണ്ടെന്നു് പ്രസിഡന്റ് പറഞ്ഞു. സ്‌കൂള്‍ കെട്ടിടങ്ങളും അക്കാദമിക സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളില്‍ ആവശ്യമായ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഫര്‍ണിച്ചര്‍,  ലാബ് സൗകര്യം,  ലൈബ്രറി, കുടിവെള്ളം, എന്നിവ ലഭ്യമാക്കുന്നതിന് ജില്ലാപഞ്ചായത്ത് പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു.

കോട്ടായി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ കോട്ടായി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൃഷ്ണലീല , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി  രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ , പി ടി എ പ്രസിഡന്റ് ലത,  വാര്‍ഡംഗം ദീപ എന്നിവര്‍ സംസാരിച്ചു.