തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല : മന്ത്രി ടി.പി. രാമകൃഷ്ണന്‍

post

കോഴിക്കോട്: തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. തൊഴില്‍ സ്ഥാപനങ്ങളുടെ മികവിനു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍മേഖലയില്‍ നിലനിന്നിരുന്ന അരാജക പ്രവണതകള്‍ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അവസാനിപ്പിക്കുകയും പുതിയ തൊഴില്‍സംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്തത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിയുള്ള വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. തൊഴില്‍ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. തൊഴിലാളികളേയും തൊഴിലുടമകളേയും ഒന്നിച്ചു കണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംരംഭകര്‍ക്ക് സര്‍ക്കാരിന്റെയും തൊഴിലാളികളുടെയും അതത് പ്രദേശത്തെ ജനങ്ങളുടെയും സഹകരണവും പിന്തുണയും ലഭിക്കുന്ന അന്തരീക്ഷം ഇന്നു കേരളത്തിലുണ്ട്. ഇനി കേരളത്തില്‍ നിന്ന് സംരംഭകരെയും നിക്ഷേപകരെയും അകറ്റാന്‍ ആര്‍ക്കും കഴിയില്ല. സംരംഭകര്‍ കേരളത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തൊഴില്‍ നിയമങ്ങളെയും തൊഴിലാളി സംഘടനകളെയും സര്‍ക്കാര്‍ നയങ്ങളെയും നിയമ വ്യവസ്ഥയേയും അംഗീകരിക്കില്ലെന്ന ചിലരുടെ ധാര്‍ഷ്ട്യം കേരളത്തില്‍ വിലപ്പോകില്ല. സമാധാനപരവും സുഗമവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്താന്‍ തൊഴിലാളികള്‍ക്കൊപ്പം തൊഴിലുടമകള്‍ക്കും ബാധ്യതയുണ്ടെന്നും വ്യാപാര-വാണിജ്യ-വ്യവസായ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ പ്രോത്സാഹനവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വേതനം പുതുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 36 തൊഴില്‍മേഖലകളില്‍ ഇതിനോടകം മിനിമം വേതനം പുതുക്കി. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയതും അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മെറ്റേണിറ്റി ബെനഫിറ്റ് ബാധകമാക്കാനുള്ള തീരുമാനവും തൊഴിലാളി ക്ഷേമനടപടികളിലെ നാഴികക്കല്ലുകളാണ്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കും. പ്ലാന്റേഷന്‍ ഡയറക്ടറേറ്റും ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വ്യാപാരവാണിജ്യവ്യവസായ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ ഗ്രേഡിംഗ് വഴിയൊരുക്കിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രേഡിംഗ് സംവിധാനത്തില്‍ സംസഥാനത്തെ എല്ലാ കച്ചവടക്കാരെയും സ്ഥാപന ഉടമകളെയും കൊണ്ടുവരുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം . കഴിഞ്ഞ തവണ 941 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 1502 അപേക്ഷകള്‍ ലഭിച്ചു. തൊഴില്‍നിയമങ്ങള്‍ പാലിക്കുന്നതിനും തൊഴില്‍സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സ്ഥാപനങ്ങള്‍ സ്വമേധയാ മുന്നോട്ടുവരുന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്. ആശുപത്രികള്‍, സെക്യൂരിറ്റി മേഖല, നിര്‍മാണ മേഖല, മറ്റുള്ളവ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഓരോ മേഖലയിലും ഏറ്റവും മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ സ്ഥാപനങ്ങള്‍ക്ക് വജ്ര സര്‍ട്ടിഫിക്കറ്റിനു പുറമേ പ്രത്യേക അംഗീകാരം കൂടി നല്‍കുന്നതിനും തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.