തൊഴിലാളികള്‍ പ്രതിസന്ധികള്‍ തിരിച്ചറിയണം : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

 കൊല്ലം : തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് ഫിഷറീസ്-കശുവണ്ടി വികസന വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്റെ  മികവ് 2020 അവാര്‍ഡ് വിതരണം കണ്ണനല്ലൂര്‍ ഫാക്ടറി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 30 കോടി ചെലവഴിച്ചാണ് വിരമിക്കല്‍  ആനുകൂല്യം, ഫാക്ടറി നവീകരണം എന്നിവ നടത്തിയത്. എല്ലാ മേഖലയിലുമുള്ള പ്രതിസന്ധി പോലെ സര്‍ക്കാരിനും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ട്. ഇതിനിടയിലാണ് തൊഴിലാളികള്‍ക്ക് താങ്ങായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇ എസ് ഐ കളില്‍ കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ ഡോക്ടര്‍ ആവേണ്ട എന്ന് തീരുമാനം വന്നപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ നിയമ പോരാട്ടം നടത്തി. ഇപ്പോള്‍ കശുവണ്ടി തൊഴിലാളികളുടെ ഏഴു കുട്ടികള്‍ മെഡിസിന് പഠിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.  

കൃഷിക്കാരെ വെട്ടിലാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗകര്യം ഒരുക്കുന്നു. 300 തൊഴിലാളികള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്നയി. ഇതൊക്കെ തൊഴിലാളി വിരുദ്ധ നയങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും പിടിച്ചത് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ആണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 1000 തൊഴിലാളികളെക്കൂടി കോര്‍പ്പറേഷന്‍ ജോലിക്ക് എടുക്കുമെന്ന് അധ്യക്ഷത വഹിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു. എം ബി ബി എസിന് പഠിക്കുന്ന കുട്ടികള്‍ ഒരു എന്‍ ഐ ടി വിദ്യാര്‍ഥിനി, എസ് എസ് എല്‍ സി, പ്ലസ് ടൂ ഉന്നത വിജയം നേടിയ നൂറോളം പേര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് നല്‍കി.

2014 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച തൊഴിലാളികള്‍ക്കും ഹൈക്കോടതി ഉത്തരവ് പ്രകാരം വിട്ടുകൊടുത്ത മുഖത്തല, നെടുവത്തൂര്‍, എഴുകോണ്‍, കല്ലമ്പലം എന്നീ നാലു ഫാക്ടറികളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി നല്‍കുന്നതും നിര്‍വഹിച്ചു. 1600 ഓളം തൊഴലാളികള്‍ക്കാണ് ഇപ്രകാരം ഗ്രാറ്റുവിറ്റി നല്‍കുക. ഒപ്പം പ്രോസസിംഗില്‍ മികവ് പുലര്‍ത്തിയ തൊഴിലാളികള്‍ക്കും ഫാക്ടറികള്‍ക്കുമുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

മാനേജിംഗ് ഡയറക്ടര്‍ ഡോ രാജേഷ് രാമകൃഷ്ണന്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, ഭരണസമിതി അംഗം ജി ബാബു, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കരിങ്ങന്നൂര്‍ മുരളി എസ് അജിത്ത്, പേഴ്‌സണല്‍ മാനേജര്‍ എ ഗോപകുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുനില്‍ ജോണ്‍, മെറ്റീരിയല്‍സ് മാനേജര്‍ ഹരിലാല്‍, ഇന്‍ന്റേണല്‍ ഓഡിറ്റ് ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.