കുട്ടികള്‍ക്ക് കരുതലുമായി സര്‍ക്കാര്‍ ഒപ്പമുണ്ട്

post

ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടയം : കുടുംബ ബന്ധങ്ങളിലെ ശൈഥില്യംമൂലം ഒറ്റപ്പെട്ടു പോകുന്ന കുട്ടികള്‍ക്ക് വീട്ടിലേക്കാള്‍ മികച്ച ജീവിതസാഹചര്യമൊരുക്കി  സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് വനിതാ ശിശു വികസന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  കരുതലും സംരക്ഷണവും നല്‍കുന്നതിനോടൊപ്പം ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ ആഗ്രഹങ്ങള്‍ അടക്കി കഴിഞ്ഞ കുട്ടികളെ സ്വപ്ന തുല്യമായ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ വനിതാ ശിശു വികസന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ അനാഥരാണെന്ന തോന്നല്‍ കുഞ്ഞുങ്ങള്‍ വച്ചു പുലര്‍ത്തേണ്ടതില്ല മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ പരിശ്രമിക്കണമെന്ന്  ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പറഞ്ഞു. ഡോര്‍മെട്രി, ചികിത്സാമുറി, തൊഴില്‍ പരിശീലന കേന്ദ്രം, നവീകരിച്ച ഒബ്‌സര്‍വേഷന്‍ ഹോം, ശിശു സൗഹൃദ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പതിനായിരത്തിലധികം പുസ്തകങ്ങളുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വായനശാല  തോമസ് ചാഴികാടന്‍ എം.പിയും ആധുനീക രീതിയില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഉദ്ഘാടനം ചെയ്തു.
മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ്, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബി, വനിതാശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്,  വകുപ്പ് ജില്ലാ ഓഫീസര്‍ പി.എന്‍. ശ്രീദേവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ്. മല്ലിക, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.ഷീജ അനില്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി ആശാമോള്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം വകുപ്പ് എക്‌സിക്യൂട്ടീവ്  എന്‍ജിനീയര്‍ ഷീന രാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.