ജാഗ്രതാ നിര്‍ദേശം

post

പത്തനംതിട്ട : കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് ( സെപ്റ്റംബര്‍ 22, ചൊവ്വ) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ അതിശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ  പരമാവധി ജലനിരപ്പ് 986.33  മീറ്ററാണ്.  പമ്പ ഡാമിന്റെ  നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50  മീറ്റര്‍, 984 .50  മീറ്റര്‍ ജലനിരപ്പ് ഉയരുമ്പോഴാണ്. ഇന്ന് (സെപ്റ്റംബര്‍ 22, ചൊവ്വ) രാവിലെ 10 ന് റിസര്‍വോയറിന്റെ ജലനിരപ്പ് 980.90 മീറ്ററില്‍ എത്തിയിട്ടുണ്ട്.

ഡാമിന്റെ  വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും,  ഇന്ന് (സെപ്റ്റംബര്‍ 22, ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് റിസര്‍വോയറിലെ ജലനിരപ്പ് 982.00 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യതയുള്ളതിനാലും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും, ജനപ്രതിനിധികളെ അറിയിക്കുകയും ചെയ്യും.

ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും, താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്യും.