പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

post

തിരുവനന്തപുരം : പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം എല്‍ എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ കുടുംബരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറത്തു. 65 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വെയിറ്റിംഗ് ഏരിയ, ഡോക്ടര്‍സ് റൂം, കാഷ്വാലിറ്റി റൂമുകള്‍, ഫാര്‍മസി ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, ലാബ് എക്‌സ്‌റേ റൂം എന്നിവ രണ്ട് നിലകളുള്ള കെട്ടിടത്തിലുണ്ട്. 

സി.കെ.ഹരീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്  അംഗം എസ്.കെ.ബെന്‍ ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, വൈസ് പ്രസിഡന്റ് ആര്‍.സുകുമാരി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.