കാര്‍ഷിക കേരളത്തിന്റെ സമഗ്ര വികസനം സര്‍ക്കാരിന്റെ ലക്ഷ്യം -മുഖ്യമന്ത്രി

post

കൊല്ലം: കാര്‍ഷിക കേരളത്തിലെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ  കാലാവസ്ഥാ അനുരൂപ കൃഷി വീഡിയോ കോണ്‍ഫറന്‍സിലൂടെ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിപ്രകാരം വര്‍ഷങ്ങള്‍ക്കു ശേഷം മണ്‍ട്രോതുരുത്തില്‍ ഓരുജല നെല്‍കൃഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും  മുഖ്യമന്ത്രി അറിയിച്ചു. മണ്‍ട്രോതുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ  ഫലമാണ് പദ്ധതിയെന്നും  തദ്ദേശീയരുടെ ഭക്ഷ്യസുരക്ഷയും  ജീവനോപാധിയും മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തൊട്ടാകെ പുതിയൊരു ശാസ്ത്രീയ കാര്‍ഷിക മാതൃക  സൃഷ്ടിക്കുക കൂടിയാണ് കാലാവസ്ഥ അനുരൂപ കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന കേന്ദ്രം ഡയറക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെ സാന്നിധ്യമറിയിച്ചു

ഓരുജല നെല്‍കൃഷി, തദ്ദേശ ഇനം മത്സ്യങ്ങളെ ഉപയോഗിച്ചുള്ള കൂട് മത്സ്യകൃഷി, മത്സ്യകൃഷിക്കായി നിലമൊരുക്കല്‍, സംയോജിതമായി കണ്ടല്‍ വളര്‍ത്തല്‍, കക്കകൃഷി,  താറാവ് വളര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന  സംയോജിത സുസ്ഥിര ഭൂവിനിയോഗ കാര്‍ഷിക മാതൃകയാണ് കാലാവസ്ഥ അനുരൂപ കൃഷി. മണ്‍ട്രോത്തുരുത്തിനൊപ്പം  കുട്ടനാട്ടിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന കേന്ദ്രവും അന്തര്‍ദേശീയ  കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപയാണ്  വകയിരുത്തിയിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി മണ്‍ട്രോതുരുത്തിലെ പെരുങ്ങാലത്തു നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി. മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ കെ ജി പത്മകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.