ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൃഷി പരിജ്ഞാനമേകി സമഗ്ര പച്ചക്കറി വികസന പദ്ധതി

post

പത്തനംതിട്ട :കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കോട്ടാങ്ങല്‍ കൃഷി ഭവനും സംയുക്തമായി പ്രൊജക്ട് അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചുങ്കപ്പാറ അസിസി സ്‌പെഷ്യല്‍ സ്‌കൂളില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി 2019-20ന് തുടക്കം കുറിച്ചു. കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍ ആദ്യ തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് മാനസിക സന്തോഷവും കൃഷി പരിജ്ഞാനവും നല്‍കുന്നതിന് കൃഷിഭവനില്‍ രൂപം നല്‍കിയ കാര്‍ഷിക കര്‍മ സേനയാണു പച്ചക്കറി തോട്ടം തയാറാക്കുന്നത്. 250ലധികം ഗ്രോബാഗുകളിലും കൃഷിസ്ഥലത്തുമായാണു പച്ചക്കറിതൈകള്‍ കാര്‍ഷിക കര്‍മ സേനയുടെ സഹകരണത്തോടെ നടുക. 

ഗ്രാമ പഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടാങ്ങല്‍ കൃഷി ഓഫീസര്‍ വി.എല്‍ അമ്പിളി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.സിബി നീണ്ടശേരി, കാര്‍ഷിക ക്ലബ് പ്രസിഡന്റ് കെ.ആര്‍ കരുണാകരന്‍ നായര്‍, സെക്രട്ടറി എം.ടി.സെബാസ്റ്റ്യന്‍, കൃഷി അസിസ്റ്റന്റ് രാജസേനന്‍ പിള്ള, ശിവദാസന്‍ പിള്ള, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഗ്രെയ്‌സ് റ്റോം, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍ മാത്യു, സിസ്റ്റര്‍ ആന്‍ റോസ് എന്നിവര്‍ പങ്കെടുത്തു.