കാസര്‍കോടും കണ്ണൂരും ചേരുന്ന ടൂറിസം വികസന ഇടനാഴിയാണ് ലക്ഷ്യം; ടൂറിസം വകുപ്പ് മന്ത്രി

post

കാസര്‍കോട് : കാസര്‍കോടും കണ്ണൂരും ചേരുന്ന വികസന ഇടനാഴിയാണ് ടൂറിസം രംഗത്ത് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.കാഞ്ഞങ്ങാടിന്റെ വികസന കുതിപ്പിന് കരുത്തേകാന്‍ ടൂറിസം വകുപ്പ് ഒരുക്കിയ കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ പ്രവൃത്തി ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു, അദ്ദേഹം.

കാഞ്ഞങ്ങാട് നഗരത്തിന് ആധുനിക മുഖഛായ നല്‍കുന്നതിന്റെ ഭാഗമായി, നഗരവാസികള്‍ക്കും നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്കുമായി സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയ അഞ്ച് കോടി രൂപയുടെ 'കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍' പദ്ധതിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ. മാധവന്‍, എ. സി. കണ്ണന്‍ നായര്‍ തുടങ്ങിയ മഹദ് വ്യക്തികളുടെ ജന്മം കൊണ്ട് അനുഗൃഹീതമായ നാടാണിത്. വടക്കന്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട്, കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ നഗരം. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാടിന്റെ സാമൂഹ്യ-സാംസ്‌കാരിക-ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ അഭിമാനമാണ് ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ഗുരുവനം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാദസ്പര്‍ശമേറ്റ കാഞ്ഞങ്ങാട്, ഇന്ന് വിനോദ സഞ്ചാര മേഖലയിലെ കുതിപ്പിനും തയ്യാറെടുക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

ഉത്തര മലബാറിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെത്തിയ 45 ബ്ലോഗര്‍മാര്‍ക്ക് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ഇടവും കാണിച്ച് നല്‍കിയതിലൂടെ അവര്‍ എഴുതിയ 4500ഓളം ബ്ലോഗുകളില്‍ കാസര്‍കോട് നിറഞ്ഞു നിന്നു. വടക്കന്‍ മലബാറിന്റെ ഈ പ്രദേശം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ലോകത്തെ 10 ഇടങ്ങളില്‍ മൂന്നാമത്തേതായാണ് അവര്‍ കണ്ടെത്തിയത്. നമ്മുടെ നാട്ടിലെ പ്രകൃതി ഭംഗി, മികവാര്‍ന്ന കടല്‍ തീരങ്ങള്‍, ഭക്ഷണം, സംസ്‌ക്കാരം, തൊഴില്‍, ജീവിതരീതി, കലാരൂപങ്ങള്‍ എല്ലാം അവരെ ആകര്‍ഷിച്ചു. വടക്കന്‍മലബാറിന്റെ വികസനം ലക്ഷ്യമിട്ടാണ് ബജറ്റില്‍ തുക വകയിരുത്തി സംസ്ഥാനത്തെ എട്ട് നദികളെ ബന്ധിപ്പിച്ചുകൊണ്ട് ഉള്‍നാടന്‍ ജലപാത പദ്ധതി ആരംഭിച്ചത്. പദ്ധതി നിലവില്‍ വരുന്നതോടെ ഉത്തരമലബാറിന്റെ ടൂറിസം വികസനം സാധ്യമാകും. 

റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുന്‍കൈ എടുത്ത് കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് 64 സെന്റ് സ്ഥലം കഴിഞ്ഞവര്‍ഷം സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറിയതോടെയാണ് പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കാഞ്ഞങ്ങാട് നഗരത്തിന്റെ തന്നെ തീരപ്രദേശത്ത് 'കൈറ്റ് ബീച്ച്' എന്ന പേരില്‍ ഹോസ്ദുര്‍ഗ്ഗ് ബീച്ചിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനും സംസ്ഥാന ടൂറിസം വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതിനെ തുടര്‍ന്ന് ബീച്ചിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. തുടര്‍ന്നും ജില്ലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള മികച്ച പ്രൊപ്പോസലുകള്‍ ടി.ഡി.പി.സി നല്‍കുന്ന മുറയ്ക്ക് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാറിന് താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് മാറുകയാണ്; ടൗണ്‍ സ്‌ക്വയര്‍ പ്രവൃത്തി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലയിലെ ഏറ്റവും വലിയ പട്ടണമായ കാഞ്ഞങ്ങാടിന്റെ മുഖം മാറുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 16 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ കുതിപ്പാകും പദ്ധതി. കാഞ്ഞങ്ങാടിന്റെ കലാ- സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ആധുനിക നഗരാസൂത്രണത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആംഫി തീയറ്റര്‍, കഫെറ്റേരിയ, ഗെയിം സോണ്‍, ചില്‍ഡ്രന്‍സ് ഏരിയ, സീനിയര്‍ സിറ്റിസണ്‍സ് ഏരിയ, എക്‌സിബിഷന്‍ ഏരിയ, ഫീഡിങ് ഏരിയ, ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്‌ലറ്റ്, പാര്‍ക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിന്‍ ഷെല്‍ട്ടര്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കോവിഡാനന്തരം കാസര്‍കോടിന്റെ കലാ സാംസ്‌ക്കാരിക സന്ധ്യകളും പരിപാടികളും ചടങ്ങുകളും നഗരത്തിന്റെ ഹൃദയ ഭാഗത്ത് സംഘടിപ്പിക്കാവുന്ന വിധത്തിലാണ് ടൗണ്‍ സ്‌ക്വയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാടിനെ പൈതൃക നഗരമാക്കാനുള്ള പദ്ധതിയാണിതെന്നും പദ്ധതി ജില്ലയുടെ ടൂറിസം കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 52 ലക്ഷം രൂപയും ടൂറിസം വകുപ്പ് അഞ്ച് ലക്ഷം രൂപയും  ചേര്‍ത്താണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കാസര്‍കോട് ഡെവലപ്പ്‌മെന്റ് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, നഗരസഭ വൈസ് ചെയര്‍ പേഴസണ്‍ എല്‍. സുലൈഖ, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. റംഷീദ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ് ബേബി ഷീജ എന്നിവര്‍ സംസാരിച്ചു.ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ നന്ദിയും പറഞ്ഞു.