കൃഷി അഭിമാനകരമായ ജീവിതമാര്‍ഗ്ഗമായി മാറ്റാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

post

കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍

തിരുവനന്തപുരം: കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും സര്‍ക്കാരിന്റെ പിന്തുണയും ഒത്തുചേര്‍ന്നാല്‍ കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബറില്‍ ഇത് നടപ്പാകും. ഈ പദ്ധതി ഇന്ത്യയില്‍ ആദ്യമാണ്.

കൃഷി വികസനത്തോടൊപ്പം കര്‍ഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. കര്‍ഷകനും കുടുംബത്തിനുമുള്ള പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം തുടങ്ങിയവയെല്ലാം ഈ ബോര്‍ഡിലൂടെ ലഭ്യമാക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ പച്ചക്കറി ഉല്‍പാദനം 6.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോള്‍ അത് 15 ലക്ഷം ടണ്ണായി വര്‍ധിച്ചു. 2016-17ല്‍ 52,830 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. അത് 96,000 ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂര്‍ മേഖലകളെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി പ്രകൃതിക്ക് ദോഷകരമായ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചത്. പച്ചക്കറികൃഷി വ്യാപിക്കുന്നതിന് സംസ്ഥാനത്താകെ മഴമറ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഴമറയുണ്ടെങ്കില്‍ 365 ദിവസവും പച്ചക്കറി കൃഷി ചെയ്യാന്‍ കഴിയും. ഈ വര്‍ഷം 1118 മഴമറ യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 100 ചതുരശ്ര മീറ്ററുള്ള മഴമറയ്ക്ക് സര്‍ക്കാര്‍ അര ലക്ഷം രൂപ സബ്സിഡി നല്‍കുന്നുണ്ട്. അടുത്ത  വര്‍ഷം 1000 യൂണിറ്റുകള്‍ കൂടി സംസ്ഥാനത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

നെല്‍കൃഷിയിലും നമുക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. നെല്‍കൃഷിയുടെ വിസ്തൃതി 4 വര്‍ഷത്തിനുള്ളില്‍ 1.92 ലക്ഷം ഹെക്ടറില്‍ നിന്ന് 2.2 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 50,000 ഏക്കര്‍ തരിശുനിലമാണ് ഈ കാലയളവില്‍ നെല്‍കൃഷിക്കായി മാറ്റിയെടുത്തത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സംഭരണ വില നല്‍കി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ് - 27.48 രൂപ. സംഭരണത്തില്‍ നാലു വര്‍ഷത്തിനിടയില്‍ 28 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം 7.1 ലക്ഷം ടണ്‍ സംഭരിച്ചു. അത് റെക്കോഡാണ്. അടുത്ത വര്‍ഷം പത്തുലക്ഷം ടണ്‍ സംഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂര്‍, പൊന്നാനി കോള്‍പ്പാടങ്ങളുടെ വികസനത്തിന് 298 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.