കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

post

2447 കോടി രൂപ വിവിധ പദ്ധതികള്‍ക്ക് നീക്കിവച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം : കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ പദ്ധതികള്‍ക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ 2019 മാര്‍ച്ച് വരെ 1013.35 കോടി രൂപ കുട്ടനാട്ടിലെ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആസൂത്രണ ബോര്‍ഡും കിഫ്ബിയും  ബന്ധപ്പെട്ട വകുപ്പുകളും റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവും ഏകോപിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്.

ചില പദ്ധതികള്‍ക്ക് നൂറ് ദിനത്തിനുള്ളില്‍ ഫലം കണ്ടുതുടങ്ങും. പുതിയ പദ്ധതികള്‍ക്ക് തുടക്കവുമാവും. കുട്ടനാട് ബ്രാന്റ് അരി ഉത്പാദിപ്പിക്കാന്‍ ആലപ്പുഴയില്‍ സംയോജിത റൈസ് പാര്‍ക്ക് ഒരു വര്‍ഷത്തിനകം ആരംഭിക്കും. ഇതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നെല്‍ ഒരു മീന്‍ പദ്ധതി വരുന്ന സീസണ്‍ മുതല്‍ നടപ്പാക്കും. മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വയംസഹായസംഘങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 89 സംഘങ്ങള്‍ക്ക് 1.79 കോടി രൂപ വായ്പയായി നല്‍കും.

13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 291 കോടി രൂപ ചെലവഴിച്ച് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കും. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 1.65 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുണ്ട്. കുട്ടനാട്ടില്‍ തടസരഹിത വൈദ്യുതി ഉറപ്പാക്കുന്നതിന് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മൂന്ന് കെ. എസ്. ഇ. ബി സബ് സ്റ്റേഷനുകള്‍ നിര്‍മിക്കും. 110 കെ. വി സബ് സറ്റേഷന്റെ നിര്‍മാണം പതിനെട്ട് മാസത്തിനുള്ളില്‍ കാവാലത്ത് പൂര്‍ത്തിയാകും. 33 കെ. വി സബ്സ്റ്റേഷന്‍ കിടങ്ങറയില്‍ ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാകും. രണ്ട് സബ്സ്റ്റേഷനുകള്‍ക്കുമുള്ള ഭൂമി ലഭ്യമാണ്. 66 കെ. വി സബ്സ്റ്റേഷന്‍ 110 കെ. വിയായി ഉയര്‍ത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതും ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാകും. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും അടിഞ്ഞു കൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ നീക്കുകയും ചെയ്യും.

കുട്ടനാട്ടിലെ ഐമനത്തെ ഉത്തരവാദിത്ത ടൂറിസം മാതൃകാവില്ലേജായി പ്രഖ്യാപിക്കും. പ്രളയത്തില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാന്‍ എലിവേറ്റഡ് ക്യാറ്റില്‍ ഷെഡ് സ്ഥാപിക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1.50 കോടി ചെലവില്‍ നെടുമുടി റോഡും മൂന്നു കോടി ചെലവില്‍ മങ്കൊമ്പ്  എ. സി റോഡും, 3.30 കോടി രൂപ ചെലവില്‍ മുട്ടൂര്‍ സെന്‍ട്രല്‍ റോഡും പുനരുദ്ധരിക്കും. കുട്ടനാട് വികസനത്തിന് സര്‍ക്കാര്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കുട്ടനാട് പ്രദേശങ്ങളില്‍ മാത്രം ദുരിതാശ്വാസത്തിനായി ആകെ 484.38 കോടി രൂപയാണ് ചെലവഴിച്ചത്. പ്രളയദുരിതത്തില്‍ അകപ്പെട്ട 53,736 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കി. വീടുകള്‍ക്ക് പൂര്‍ണ്ണമായും നാശനഷ്ടം സംഭവിച്ച മുഴുവന്‍പേര്‍ക്കും ഒന്നാം ഗഡു ധനസഹായം നല്‍കി. 1306 പേര്‍ക്ക് രണ്ടാം ഗഡു സഹായവും 1009 പേര്‍ക്ക് മൂന്നാം ഗഡു ധനസഹായവും ലഭ്യമാക്കിയിട്ടുണ്ട്.

2019ലെ പ്രളയത്തില്‍ അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം നല്‍കുന്നതിന് 39.08 കോടി രൂപ ചെലവഴിച്ചു. വീടിന് കേടുപാട് സംഭവിച്ച 130 കുടുംബങ്ങള്‍ക്ക് മൂന്നു ഗഡു സഹായം നല്‍കി. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 1009 വീടുകള്‍ വച്ചുനല്‍കി. ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 1.25 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.