കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി

post

പത്തനംതിട്ട : കടമ്പനാട് മാഞ്ഞാലിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ പേ വാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കമായി. പുതിയ പേ വാര്‍ഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നു ധാരാളം ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സ്ഥലമാണ് കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലിയിലെ ആയുര്‍വേദ ആശുപത്രി. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വേണം എന്നതു കണക്കിലെടുത്താണ് കെട്ടിടം നിര്‍മിക്കുന്നതിന് ആസ്തി വികസന ഫണ്ട് എംഎല്‍എ അനുവദിച്ചത്.  
ചടങ്ങില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മോനി കുഞ്ഞുമോന്‍, ലീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജി ശിവദാസന്‍, കെ.രാജമ്മ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.മോഹനന്‍നായര്‍, രാജേന്ദ്രന്‍ പിള്ള, പൊടിമോന്‍ കെ മാത്യു, വൈ.രാജന്‍, തങ്കമണി ടീച്ചര്‍, ത്രിവിക്രമന്‍ പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ.അജൂറ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ജില്ലാ നിര്‍മിതികേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി.