കോട്ടയം സമ്പൂര്‍ണ്ണ ശ്രവണ സൗഹൃദ ജില്ല

post

സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് കേള്‍വി പരിശോധന

കോട്ടയം: കോട്ടയം ജില്ലയില്‍ പ്രസവ ചികിത്സയുള്ള സ്വകാര്യ ആശുപത്രികളിലും ഇനി മുതല്‍ നവജാത ശിശുക്കളെ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ സഹകരണത്തോടെയാണ് ഇതിന് സംവിധാനം ഒരുക്കിയത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ പ്രസവ ചികിത്സയുള്ള ആറ് സര്‍ക്കാര്‍ ആശുപത്രികളിലും 2018 ജൂണ്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കേള്‍വി പരിശോധന നടത്തുന്നുണ്ട്. പുതിയ ക്രമീകരണം നിലവില്‍ വന്നതോടെ കോട്ടയം സമ്പൂര്‍ണ ശ്രവണസൗഹൃദ ജില്ലയായി. ഇതു സംബന്ധിച്ച പ്രഖ്യാപനം ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. എന്‍. വിദ്യാധരന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന സെക്രട്ടറി ഡോ. ബാലചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ഡോ. സുനു ജോണ്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രവണ വൈകല്യം നേരത്തെ കണ്ടെത്താനായാല്‍ ഏകദേശം മുപ്പതിനായിരം രൂപ ചിലവുവരുന്ന ചികിത്സയിലൂടെ ഭേദമാക്കാനാകും. ഈ വൈകല്യം മൂലമുണ്ടാകുന്ന വളര്‍ച്ചാ മുരടിപ്പ് തടയാനും കഴിയും. ശ്രവണ വൈകല്യം കണ്ടെത്തുന്നത് രണ്ടുവയസിനു ശേഷമാണെങ്കില്‍ ചികിത്സാ ചിലവ് രണ്ടുലക്ഷം രൂപയിലേറെയാകും.

ഓട്ടോ അക്കൗസ്റ്റിക് എമിഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ചെവിയില്‍ കേള്‍പ്പിക്കുന്ന ശബ്ദം തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രതികരണം വിലയിരുത്തിയാണ് ജന്മനാ കേള്‍വിതകരാര്‍ കണ്ടു പിടിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 688 കുട്ടികളില്‍ ശ്രവണ വൈകല്യം കണ്ടെത്തി ചികിത്സ നല്‍കിയിട്ടുണ്ട്.