സംസ്ഥാനത്ത് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കും: മന്ത്രി എം. എം. മണി

post

കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. കൊട്ടിയം സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയവും ചെറുകിട ജലവൈദ്യുത പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ സുരക്ഷിതമായ ഭാവിക്ക് പുതിയ ഊര്‍ജ്ജോത്പാദന മേഖലകള്‍ കണ്ടെത്തുന്നതിന്റെ ആദ്യപടിയായി സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാ വാട്ട് വരെ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. പുരപ്പുറങ്ങളും തരിശുനിലങ്ങളും ജലസംഭരണികളും ഉപയോഗപ്പെടുത്തി സൗരോര്‍ജ്ജ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഐപിഡിഎസ് പ്രോജക്ടിന്റെ ഭാഗമായാണ് കൊട്ടിയം 110 കെ. വി. സബ്‌സ്റ്റേഷന്‍ പരിസരത്തെ രണ്ടേക്കര്‍ സ്ഥലത്ത് 3.26 കോടി മുതല്‍ മുടക്കിയാണ് ഗ്രൗണ്ട് മൗണ്ടഡ് ശൃംഖലാ ബന്ധിത സോളാര്‍ നിലയം സ്ഥാപിച്ചത്. 600 കിലോ വാട്ടിന്റെ പദ്ധതിയിലൂടെ പ്രതിവര്‍ഷം 8.93 ലക്ഷം യൂണിറ്റ് വൈദ്യുതോത്പാദനമാണ് പ്രതീക്ഷിക്കുന്നത്. സബ്‌സ്റ്റേഷന്‍ പരിസരത്ത് തന്നെ സോളാര്‍ നിലയം പ്രവര്‍ത്തിക്കുന്നതിനാല്‍ സാങ്കേതികമായി പ്രസരണ നഷ്ടം വളരെ കുറവും പരിസ്ഥിതി സൗഹാര്‍ദവുമാണ്.

ചടങ്ങില്‍ ജി. എസ്. ജയലാല്‍ എംഎല്‍എ അധ്യക്ഷനായി. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം രവീന്ദ്രന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനില്‍, കെഎസ്ഇബിഎല്‍ ചെയര്‍മാനും ഡയറക്ടറുമായ എന്‍. എസ്. പിള്ള, ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. പി. രാജന്‍, ചീഫ് എന്‍ജിനീയര്‍ വി. കെ. ജോസഫ്, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.