കേരള കാര്‍ഷിക സര്‍വ്വകലാശാല 'ജീവനി' ആരോഗ്യ പാനീയം പുറത്തിറക്കി

post

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഭക്ഷ്യസംസ്‌കരണ വകുപ്പ് വികസിപ്പിച്ചെടുത്ത 'ജീവനി' ആരോഗ്യ പാനീയതിന്റെ വിപണനോദ്ഘാടനം ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വഹിച്ചു. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, നെല്ലിക്ക, നാരങ്ങ എന്നിവയിലെ ഔഷധഗുണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ ആരോഗ്യ പാനീയം തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുവാനായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം തയ്യാറാക്കിയ മാര്‍ഗരേഖയുടെയും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രമോഷണല്‍ വീഡിയോയുടെയും പ്രകാശനവും

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കാര്‍ഷിക സംരംഭകത്വ വികസനത്തിനായി ആര്‍ കെ വി വൈ റഫ്ത്താര്‍ പദ്ധതിയുടെ ധനസഹായത്തോടെ സ്ഥാപിച്ചിട്ടുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ 2020 ലെ ഇന്‍ക്യൂബേഷന്‍ ഗ്രാന്റിന് വേണ്ടി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത സംരംഭകരുടെ പരിശീലന പരിപാടി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള ബ്ലോക്കുതല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ വിളകളുടെ ഉല്‍പാദന പ്രോട്ടോക്കോളും പ്രാദേശിക ഉല്‍പ്പാദന പദ്ധതികളും തയ്യാറാക്കാനുള്ള പരിപാടികള്‍ക്കും ഇതോടൊപ്പം തുടക്കംകുറിച്ചു. ചടങ്ങില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ആര്‍ ചന്ദ്രബാബു, രജിസ്ട്രാര്‍ ഡോ സക്കീര്‍ ഹുസൈന്‍, വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ ജിജു പി അലക്‌സ്, സര്‍വകലാശാല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.