ഒന്നര ലക്ഷം പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കിയത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം :മന്ത്രി ഇ. ചന്ദ്രശേഖരന്‍

post

തിരുവനന്തപുരം : നാലര വര്‍ഷത്തിനിടെ സംസ്ഥാനത്തു ഭൂരഹിതരായ 1,55,000 പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കാനായത് ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള പരിമിതിയാണു ചില മേഖലകളില്‍ പട്ടയ വിതരണം വൈകിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തമായി ഭൂമിയും പാര്‍പ്പിടവുമെന്ന അടിസ്ഥാന ആവശ്യം നിറവേറ്റുക എന്നതിനു പരമപ്രധാന പരിണന നല്‍കിയാണു സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ 14 ജില്ലകളിലും ഭൂരഹിതരായവര്‍ക്കു പട്ടയങ്ങളും കൈവശാവകാശ രേഖകളും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ലഭ്യതക്കുറവുമൂലം തെക്കന്‍ ജില്ലകളിലെ ഭൂമി വിതരണത്തില്‍ മറ്റു ജില്ലകളുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കൈവശമിരിക്കുന്ന ഭൂമി പോലും ഏറ്റെടുത്താണ് ഇവിടങ്ങളില്‍ ഭൂരഹിരതര്‍ക്കു കൊടുക്കുന്നത്. വടക്കന്‍ ജില്ലകളില്‍ റവന്യൂ ഭൂമി ധാരാളമുള്ളതിനാല്‍ ഈ ബുദ്ധിമുട്ട് ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലയില്‍ അഞ്ഞൂറു പേര്‍ക്കാണ് ഈ ഘട്ടത്തില്‍ പട്ടയവും മറ്റു രേഖകളും വിതരണം ചെയ്യുന്നത്. നാലര വര്‍ഷത്തിനിടെ അഞ്ചു ഘട്ടങ്ങളിലായി 1,504 പേര്‍ക്ക് ജില്ലയില്‍ പുതുതായി  പട്ടയം വിതരണം ചെയ്തു. ഇപ്പോള്‍ ഭൂമിയുടെ കൈവശാവകാശ രേഖകള്‍ ലഭിക്കുന്ന 500 പേര്‍ കൂടി ചേരുമ്പോള്‍ ആകെ എണ്ണം 2,004 ആകും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഇവരില്‍ പലര്‍ക്കും സ്വന്തമായി ഭൂമി ലഭിച്ചത്.

ചടങ്ങില്‍ സഹകരണം  ദേവസ്വം  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭൂരഹിതരായ പത്തു പേര്‍ക്ക് വേദിയില്‍വച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു. വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, വി. ജയമോഹന്‍ എന്നിവര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഓണ്‍ലൈനിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍നിന്ന് ഓണ്‍ലൈനായാണ് മറ്റ് എം.എല്‍.എമാരും ജനപ്രതിനിധികളും പങ്കെടുത്തത്.