കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാന്‍ കോവിഡ് ബ്രിഗേഡ് വിപുലീകരിക്കും

post

തിരുവനന്തപുരം : കോവിഡ് ചികിത്‌സയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാന്‍ കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡില്‍ അംഗങ്ങളായിരിക്കുന്നത്.

കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തുവരണം. ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താം. ഇതുവരെ 13,577 പേരാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 2562 ഡോക്ടര്‍മാരും 833 ബിഎഎംഎസ്‌കാരും, 1080 ബിഡിഎസ്‌കാരും, 293 എംബിബിഎസ്‌കാരും, 2811 നഴ്‌സുമാരും, 747 ലാബ് ടെക്‌നീഷ്യന്‍മാരും, 565 ഫാര്‍മസിസ്റ്റും, 3827 നോണ്‍ ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ കുറവുള്ള ജില്ലകളിലാണ് കോവിഡ് ബ്രിഗേഡംഗങ്ങളെ നിയോഗിക്കുക. കാസര്‍കോട്ടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് ബ്രിഗേഡ് ഏറ്റെടുത്ത ആദ്യ ദൗത്യം. ആറ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 26 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതുകൂടാതെ മറ്റ് ജില്ലകളിലും ആവശ്യാനുസരണം കോവിഡ് ബ്രിഗേഡിനെ നിയോഗിക്കുന്നുണ്ട്.