സി. എഫ്. എല്‍. ടി. സികളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്‌സ നല്‍കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് ചികിത്‌സയ്ക്കുള്ള സി. എഫ്. എല്‍. ടി. സികളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്‌സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ടെലിമെഡിസിന്‍ വഴി നല്‍കുന്നുണ്ട്. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് സ്റ്റാഫിനെയും ഉള്‍പ്പെടെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 194 സിഎഫ്എല്‍ടിസികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഓരോ സിഎഫ്എല്‍ടിസിയെയും ഒരു കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗിയുടെ അസുഖം മൂര്‍ച്ഛിക്കുന്ന സാഹചര്യമുണ്ടായാല്‍ സിഎഫ്എല്‍ടിസിയിലെ ഡോക്ടര്‍ പരിശോധിക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമാണെന്നു തോന്നിയാല്‍ കോവിഡ് ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യുകയും ചെയ്യും. രോഗികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് കൊടുക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.