രാജാക്കാട് ഗവണ്‍മെന്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം എം മണി നിര്‍വഹിച്ചു

post

ഇടുക്കി : രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ഹൈടെക്ക് ബ്ലോക്കിന്റെ ശിലാസ്ഥാപനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗം മുന്നേറ്റത്തിന്റെ പാതയിലാണെന്ന്  ഹൈടെക്ക് ബ്ലോക്കിന്റെ ശിലാസ്ഥാപനം  നിര്‍വഹിച്ചു അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് പിന്നോക്കം പോയാല്‍ ഒരു തലമുറയെ തന്നെ ബാധിക്കും. അതുകൊണ്ട് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരിമിതികള്‍ക്ക് പരിഹാരം കണ്ടാണ്  ഓണ്‍ലൈന്‍ പഠനവും, പരീക്ഷയും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ  ഹൈടക്ക് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയും മന്ത്രി എംഎം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10.52 ലക്ഷം രൂപയുമാണ് രാജക്കാട് ഹൈടെക്ക് സ്‌കൂള്‍ മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. 16 ഹൈടെക്ക് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ സ്‌കൂള്‍ മന്ദിരത്തില്‍ ഒരുക്കുന്നത്.

രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനില്‍, ത്രിതലപഞ്ചായത്തംഗങ്ങളായ എ.ഡി സന്തോഷ്, കെ.കെ രാജന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബേബിലാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, സമഗ്രശിക്ഷ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.കെ ഗംഗാധരന്‍, രാജക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനോയ് എന്‍ ജോണ്‍, ഹെഡ്മിസ്ട്രസ് പി.ബീന തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്രട്രീയ സംഘടനാ പ്രതിനിധികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.