ആരോഗ്യരംഗത്ത് ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റം സാധ്യമായി - മന്ത്രി കെ കെ ശൈലജ

post

കൊല്ലം: ആരോഗ്യമേഖലയില്‍  ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റമാണ് സാധ്യമായതെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നീണ്ടകര, കരുനാഗപ്പള്ളി, പുനലൂര്‍, കുണ്ടറ തുടങ്ങി എല്ലാ താലൂക്ക് ആശുപത്രികള്‍ക്കും കിഫ്ബി വഴി ധനസഹായം ലഭ്യമാക്കി. കിഫ്ബി വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ച് എല്ലാ ജില്ലകളിലെയും ആശുപത്രികളുടെ നവീകരണം നടത്താന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്. ജില്ലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് മാത്രം 250 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായി കേരളത്തിലെ പിഎച്ച്സികളെ ഉയര്‍ത്തുവാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഏതൊരു  കോര്‍പ്പറേറ്റ് ആശുപത്രിയെയും വെല്ലാന്‍ കഴിയുന്ന തരത്തില്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സുനാമി ബില്‍ഡിങ് അടക്കമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം ഉയരുന്നത്. കിഫ്ബി വഴി അനുവദിച്ച 66.4 കോടി രൂപ ചെലവഴിച്ചാണ് എട്ടുനിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടം ഉയരുന്നതോടെ ഇപ്പോഴത്തെ ഒ പി ബ്ലോക്ക് ഉള്‍പ്പെടുന്ന ഭാഗം ട്രോമാകെയര്‍ യൂണിറ്റാക്കി  മാറ്റും. നിലവിലുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ ഗൈനക്കോളജി വിഭാഗത്തിനായി വിട്ടുനല്‍കി ആധുനിക രീതിയിലുള്ള പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ നിര്‍മ്മിക്കും. കെ എസ ്ഇ ബി നിര്‍മ്മാണ വിഭാഗത്തിനാണ് നിര്‍വഹണ ചുമതല.

നഗരസഭാ ചെയര്‍പേഴ്സണ്‍ ഇ സീനത്ത് ബഷീര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ്, സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന്‍ കോടി, കാപ്പക്സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ശക്തി കുമാര്‍, നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ എം ശോഭന, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാ സെക്രട്ടറി എ  ഫൈസല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.