ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : ഇടുക്കി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച പുതിയ വനിതാ വാര്‍ഡ്, പേ വാര്‍ഡുകള്‍, യോഗാ ഹാള്‍ എന്നിവയടങ്ങിയ പുതിയ ബ്ലോക്ക് പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപാ ഉപയോഗിച്ചാണ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം പി.ജെ.ജോസഫ് എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപാ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുട്ടികളുടെ വാര്‍ഡിന്റെ നിര്‍മ്മാണോദ്ഘാടനവും നടത്തി.

കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് രോഗികളെ അഡ്മിറ്റ് ചെയ്യുവാനും എല്ലാവിധ പഞ്ചകര്‍മ്മ ചികിത്സകള്‍ നടത്തുവാനും ആവശ്യമായ സൗകര്യങ്ങളോട് കൂടിയതാണ് പുതിയ മന്ദിരം. പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും പല ബാച്ചുകളിലായി യോഗാ പരിശീലനം നല്‍കുന്നതിനായി സജ്ജമാക്കിയ ഹാളില്‍ നൂറോളം പേര്‍ക്ക് ഒരേ സമയം യോഗാ പരിശീലനം നല്‍കാനാവും.

 കുട്ടികള്‍ക്കായി നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ബ്ലോക്കില്‍ മികച്ച സൗകര്യങ്ങളോട് കൂടിയ പരിശോധനാ മുറികള്‍, വെയിറ്റിംഗ് റൂമുകള്‍, ഐ.പി. വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ സ്വാഗതം പറഞ്ഞു. തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ സി.വി.സുനിത, മനോജ് തങ്കപ്പന്‍, നഗരസഭാ കൗണ്‍സിലര്‍ പി.എ.ഷാഹുല്‍ ഹമീദ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.കെ.ഷൈലജ, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ്.കെ ആര്‍. എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് പി. കുരുവിള നന്ദി പറഞ്ഞു.