പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പാഞ്ചാലിമേട് ടൂറിസം സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ പാഞ്ചാലിക്കുളം നവീകരിക്കല്‍, നടപ്പാത, ചെക്ക്ഡാം,  വാട്ടര്‍ ആക്ടിവിറ്റി എക്യൂപ്‌മെന്റ്, ലൈറ്റിംഗ്, ഇരിപ്പിടങ്ങള്‍, ലാന്‍ഡ്‌സ്‌കേപിംഗ്, പാര്‍ക്കിംഗ് തുടങ്ങിയവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) യാണ് നിര്‍മ്മാണ ഏജന്‍സി.

2018ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട പദ്ധതിയില്‍ പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടര്‍, റെയിന്‍ഷെല്‍ട്ടര്‍, അമിനിറ്റി സെന്റര്‍, ഫെന്‍സിംഗ് തുടങ്ങിയ പൂര്‍ത്തീകരിച്ചിരുന്നു. ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ വന്നുചേരുന്ന ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി പാഞ്ചാലിമേട് മാറിക്കഴിഞ്ഞു.

ചടങ്ങില്‍ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.റ്റി ബിനു സ്വാഗതം ആശംസിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മധു.വി.ജി., മുഹമ്മദ് നിസാര്‍.പി.വൈ., ഏലിയാമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ സാലിഹ അഷറഫ്, പി.ഇ. വര്‍ക്കി, മോളി ജോര്‍ജ്ജ്, ജോസ് മാത്യു, സാലിക്കുട്ടി ജോസഫ്, പ്രഭാവതി ബാബു, മിനി സുധാകരന്‍, പി.ആര്‍. ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.റ്റി.പി.സി. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എസ്.ഗിരീഷ് നന്ദി പറഞ്ഞു.