എക്സൈസ് വകുപ്പിന് ആയുധ പരിശീലനത്തിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

post

ആലപ്പുഴ: ലഹരി കടത്തുകാര്‍ എക്സൈസ് ഉദ്യോഗസ്ഥരെ  ആക്രമിക്കുന്ന സാഹചര്യത്തില്‍ അത് കര്‍ശനമായി പ്രതിരോധിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്സൈസ് വകുപ്പിന് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാനും ആയുധപരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിനും, റേഞ്ച് ഓഫീസിനുമായി നിര്‍മ്മിച്ച   എക്സൈസ് കേംപ്ലക്സ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സൗകര്യപ്രദവും സുരക്ഷിതവുമായ നിലയില്‍ എക്സൈസ് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ചേര്‍ത്തലയിലെ എക്സൈസ് കോംപ്ലക്സ് . രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ എക്സൈസ് കോംപ്ലക്സ് തയാറാക്കിയത്. ഇതോടെ 10 പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെട്ട  ചേര്‍ത്തല റെയിഞ്ചും എട്ടു  പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കുത്തിയതോട് റെയിഞ്ച് പ്രദേശവും ഉള്‍ക്കൊള്ളു ചേര്‍ത്തല സര്‍ക്കിള്‍ ഓഫീസ് പരിധി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. 

ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് എക്സൈസ് കോംപ്ലക്സ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയത്. 2018 മെയ് മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രണ്ടു വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചു. 2020 മാര്‍ച്ച് മാര്‍ച്ചില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം മാറ്റിവെക്കേണ്ടിവരുകയായിരുന്നു.  

ആലപ്പുഴ ജില്ലയില്‍ മൂന്ന്  സ്പെഷ്യല്‍ യൂണിറ്റുകള്‍ അടക്കം 21 എക്സൈസ് ഓഫീസുകളാണുളളത്. എട്ട് ഓഫീസുകള്‍ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടനാട് എക്സൈസ് റേഞ്ച് - സര്‍ക്കിള്‍ ഓഫീസുകള്‍ക്കായുളള കുട്ടനാട് എക്സൈസ് കോംപ്ല്ക്സ്, മാവേലിക്കര എക്സൈസ് റേഞ്ച് - സര്‍ക്കിള്‍ ഓഫീസുകള്‍ക്കായുളള മാവേലിക്കര എക്സൈസ് കോംപ്ല്ക്സ്, കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ നിര്‍മ്മാണത്തിനുളള ഭരണാനുമതി ലഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സമയബന്ധിതമായി ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ലഹരികടത്ത് കര്‍ശനമായി നേരിടുന്നതിനാണ് നിലവിലുള്ള മൂന്ന് സ്പെഷ്യല്‍ സ്്വകാഡുകള്‍ക്കു പുറമെ എക്സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്.  മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചു. 138 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ  എക്സൈസില്‍ 384 പുതിയ തസ്തിക സൃഷ്ടിച്ചു.  വനിതാ പട്രോളിംഗ് സ്‌ക്വാഡ് രൂപീകരിച്ചു. പട്ടികവര്‍ഗക്കാരായ 25 യുവതീയുവാക്കള്‍ക്ക് അധിക തസ്തിക  സൃഷ്ടിച്ച് പ്രത്യേക നിയമനം നല്‍കി. എക്സൈസില്‍ വയര്‍ലസ് സംവിധാനം നടപ്പാക്കി വരികയാണ്. ചെക്ക് പോസ്റ്റുകള്‍ ആധുനികവത്കരിച്ചു. പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവരുന്നവരെയും  വിതരണക്കാരെയും സര്‍ക്കാര്‍ നിര്‍ദ്ദാക്ഷിണ്യം നേരിടുകയാണ്. ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനം തുടരും. എന്‍ഫോഴ്സ്മെന്റ് കര്‍ശനമാക്കിയതിനൊപ്പം വിമുക്തി മിഷന്‍ വഴി  ലഹരിവര്‍ജ്ജനത്തിലൂടെ ലഹരിമുക്തകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിപുലമായ ബോധവത്കരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

എക്സൈസ് സേനയുടെ അംഗബലം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. പതിനഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും 159 സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും മൂന്ന് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ പരിശീലനത്തിന് ജൂലൈ അവസാനം തുടക്കം കുറിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ് നടപടികള്‍ നേരത്തേ തന്നെ പൂര്‍ത്തിയായെങ്കിലും കോവിഡ് ബാധയെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ എക്സൈസ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കാനായില്ല. ഇതുമൂലം ട്രെയിനികളുടെ സര്‍വീസ് പ്രവേശനത്തിന് കാലതാമസം വരാതിരിക്കാനാണ് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചത്. 

എക്സൈസിലെ എല്ലാ ഒഴിവുകളും ഇതിനകം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരം ഒരുക്കുക എന്നതാണ് ഈ ഗവണ്‍മെന്റിന്റെ നയം. നിയമനനിരോധനവും ഒഴിവുകള്‍ മറച്ചുവെക്കലും ഈ ഗവണ്‍മെന്റിന്റെ നയമല്ല.  ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനം ഉറപ്പാക്കുകയെന്ന നിലപാടാണ്  ഈ ഗവണ്‍മെന്റ് ഉയര്‍ത്തിപ്പിടിക്കുന്നത്. എക്സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിച്ച് കേരളത്തെ ലഹരിമുക്തമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് തന്നെ എക്സൈസ് വകുപ്പിലെ എല്ലാ ഒഴിവുകളും നികത്താന്‍ നടപടി സ്വീകരിക്കും.  എക്സൈസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും നടപടിയെടുത്തുവരികയാണ്. മറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും സര്‍ക്കാര്‍  നടപടിയെടുക്കുന്നുണ്ട്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലയിലും ഓരോ ഡീ അഡിക്ഷന്‍ സെന്ററുകള്‍ വീതം പ്രവര്‍ത്തിച്ചുവരികയാണ്.  ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍  കിടക്കകളുടെ എണ്ണം പത്തില്‍ നിന്ന് വര്‍ധിപ്പിക്കുന്നതും താലൂക്ക് തലത്തില്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ചികിത്സയും പുനരധിവാസവും ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ കേന്ദ്രസഹായത്തോടെ ആധുനിക നിലവാരത്തിലുള്ള ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.  കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തും  മേഖലാ കൗണ്‍സലിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിമാഫിയക്കെതിരെ ശക്തമായ  എന്‍ഫോഴ്സ്മെന്റ് വഴി  കേസുകളുടെ എണ്ണത്തിലും പിടിച്ചെടുക്കുന്ന അനധികൃത ലഹരിവസ്തുക്കളുടെ അളവിലും നാലുവര്‍ഷത്തിനിടയില്‍ വലിയ വര്‍ധനവുണ്ടായി. മുന്‍  ഗവണ്‍മന്റിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടയില്‍ 4100 മയക്കുമരുന്ന് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം 2020 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം  24,132 മയക്കുമരുന്ന്  കേസുകള്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തു. മുന്‍ സര്‍ക്കാര്‍ 65,117 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് 65,229 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  6,042 കോട്പ കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത മുന്‍ സര്‍ക്കാര്‍ കാലത്തെയപേക്ഷിച്ച്  നിലവിലെ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം 2,77,614 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ 700 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിടു ലഹരിമാഫിയയെ നേരിടുതിന് സാമൂഹികമായ ഇടപെടല്‍ കൂടി ഉണ്ടാവണം. ലഹരികടത്തുകാര്‍ക്കും വിതരണക്കാര്‍ക്കുമെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടി തുടരും. ലഹരിമാഫിയയെ തുടച്ചുനീക്കുകയാണ് എല്‍ഡിഎഫ് ഗവമെന്റിന്റെ പ്രഖ്യാപിതലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ നിയന്ത്രിക്കുന്നതിന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വലിയൊരു പങ്കാണ് വഹിക്കുന്നത്. ചേര്‍ത്തല താലൂക്കിനെ  ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ എക്‌സൈസ് വകുപ്പിനായെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് എക്‌സൈസ് വകുപ്പ് വളരെയധികം ശ്രമിക്കുന്നുണ്ട്. വിമുക്തി ക്യാമ്പയിന്‍ വഴി ലഹരിയുടെ ലോകത്തുനിന്ന് അനേകായിരം പേരെ എക്‌സൈസ് വകുപ്പ് കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു.

2.82 കോടി രൂപ മുതല്‍മുടക്കി മൂന്നു നിലകളിലായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കിംഗ്, തൊണ്ടി റൂം,  റിസപ്ഷന്‍ എന്നിവയും ഒന്നാം നിലയില്‍ ഇന്‍സ്‌പെക്ടറുടെ റൂം, സ്റ്റാഫ് റിക്രിയേഷന്‍ റൂം,  ടോയ്‌ലറ്റ്,  ഓഫീസ് ഏരിയ, ലോബി സെല്‍ എന്നിവ ഉള്‍പ്പെട്ടിട്ടുള്ള എക്‌സൈസ് റേഞ്ച് ഓഫീസും. രണ്ടാം നിലയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റൂം,  സ്റ്റാഫ് റിട്ടയറിങ് റൂം, വെയിറ്റിംഗ് ഏരിയ, ചെയ്ഞ്ചിങ് റൂം, റെക്കോര്‍ഡ് റൂം, ഓഫീസ് ഏരിയ, ലോബി എന്നിവയുള്ള സര്‍ക്കിള്‍ ഓഫീസും സജ്ജീകരിച്ചിട്ടുണ്ട്.