ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചുകയറ്റിയത് സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍: ദേവകി അമ്മ

post

പത്തനംതിട്ട: ''ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചു കയറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിച്ചതിനു ശേഷമാണ്...'' അകക്കണ്ണിന്റെ കാഴ്ചയില്‍ ഇത് പറയുന്നത് പത്തനംതിട്ട വള്ളിക്കോട് നെടിയമണ്ണില്‍ ദേവകി അമ്മയാണ്. ഓണത്തിന് മുന്‍പ് ഗഡുക്കളായി പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് സന്തോഷമായി ഓണമാഘോഷിച്ചുവെന്നും 12 വര്‍ഷമായി ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലാത്ത ദേവകി അമ്മ പറയുന്നു. 

സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ട മരുന്നും വീട്ടിലേക്ക് ആവശ്യമായ റേഷനും ഓണക്കിറ്റും ഭക്ഷ്യക്കിറ്റും എല്ലാംതന്നെ ലഭിക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ കനിവുകൊണ്ടാണെന്നും ഈ അമ്മ പറയുന്നു. 79 വയസുകാരിയായ ദേവകി അമ്മയ്ക്ക് 12 വര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. 

ആറു സെന്റ് സ്ഥലത്ത് രണ്ടു മുറികളും അടുക്കളയും ഒരു ടോയ്ലറ്റുമുള്ള കൊച്ചുവീട്ടിലാണ് ദേവിക അമ്മയും ഇളയ മകന്‍ പി. ജയകുമാറിനും മരുമകള്‍ എസ്.സബിതയ്ക്കും കൊച്ചുമക്കളായ ആര്‍ജിതയ്ക്കും ആദിസൂര്യക്കുമൊപ്പം ദേവകി അമ്മ താമസിക്കുന്നത്. നാളുകള്‍ കൂടുമ്പോള്‍ ലഭിക്കുന്ന പെയിന്റിംഗ് പണിയില്‍ നിന്നു മാത്രമായി കുടുംബം പോറ്റാന്‍ കഴിയില്ലെന്ന് മക്കളായ ജയകുമാറും ശ്രീകുമാറും പറയുന്നു. അതുകൊണ്ടുതന്നെ അമ്മയ്ക്കു ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ വലിയ ഉപകാരമാണെന്നും വീട്ടുകാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നടന്നു പോകുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും ഇവര്‍ പറയുന്നു. കൃത്യമായ സമയത്ത് മുടക്കമില്ലാതെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള അകമഴിഞ്ഞ നന്ദിയറിയിക്കുമ്പോള്‍ ദേവകിയമ്മയുടെ ഇരു കണ്ണുകളും സന്തോഷത്താല്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.