കേരളപ്പിറവി ദിനത്തില്‍ അമ്മമാര്‍ സ്വയം തൊഴിലിലേക്ക്

post

കൊല്ലം: അക്കാദമിക മികവിനൊപ്പം തൊഴില്‍ സാക്ഷരതയും ഉന്നം വെച്ച് മടവൂര്‍ എ.യു.പി സ്‌കൂള്‍ നടത്തുന്ന തനതു പ്രവര്‍ത്തനമായ 'അമ്മയ്‌ക്കൊരു തൊഴില്‍' പദ്ധതി പൂര്‍ണതയിലേക്ക്. തെരഞ്ഞെടുത്ത 50 അമ്മമാരെ തൊഴില്‍ പരിശീലിപ്പിച്ചു സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങും. ചുരിദാര്‍, കുട, ഡിറ്റര്‍ജന്റ്, സോപ്പ്, പേപ്പര്‍ ക്രാഫ്റ്റ്, പെയിന്റിംഗ്, ഐ.ടി എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.

അമ്മമാര്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും പരിശീലനം നേടിയ അമ്മമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ (നവംബര്‍ 1) ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം എ ഗഫൂര്‍ മാസ്റ്റര്‍, വി ഷക്കീല ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ സാബിറ മൊടയാനി, ബി പി ഒ മെഹറലി, അബൂബക്കര്‍ കുണ്ടായി, സുഹൈല്‍ ,സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കര്‍ മാസ്റ്റര്‍ , സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ അസീസ്, എ.പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള അകലം കുറക്കുന്ന ഈ പരിപാടിയിലൂടെ വീട്ടമ്മമാരുടെ ഒഴിവുസമയങ്ങള്‍ ഉപയോഗിച്ചു നിത്യ വരുമാനത്തിന് താങ്ങായി മാറാന്‍ സാധിക്കും. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും യൂണിഫോം  തയ്ക്കാന്‍  രക്ഷിതാക്കളെ തന്നെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമായി ഒരു തയ്യല്‍ യൂണിറ്റും സ്‌കൂള്‍ മുന്‍കൈ എടുത്തു സ്ഥാപിക്കും.