കോന്നി മെഡിക്കല്‍ കോളേജിലേക്ക് 15 മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്

post

പത്തനംതിട്ട : കോന്നി ഗവ.മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുടെ യോഗം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

       സെപ്റ്റംബര്‍14 നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയവും ഒ.പി.യും ഉദ്ഘാടനം ചെയ്യുന്നത്. അന്നേ ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സെപ്റ്റംബര്‍ 15 മുതലാണ് മെഡിക്കല്‍ കോളേജ് ഒ.പി.യില്‍ ചികിത്സ ആരംഭിക്കുന്നത്. അന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസും ആരംഭിക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

      കോന്നിയില്‍ നിന്നും കമ്മണ്ണൂര്‍ ബസില്‍ കയറിയാല്‍ ആനകുത്തി വരെ എത്താനേ കഴിയുകയുള്ളു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പൊതു വാഹനസൗകര്യമില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും. കെ.എസ്.ആര്‍.ടി.സി കോന്നി, പത്തനംതിട്ട, അടൂര്‍ ഡിപ്പോകളില്‍ നിന്ന് ഓരോ ബസ് വീതമാണ് മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്താനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.

        കോന്നിയില്‍ നിന്നും അനുവദിച്ചിരിക്കുന്ന ബസ് രാവിലെ 6.30 ന് കോന്നിയില്‍ നിന്നും തിരിച്ച് 8 മണിക്ക് ആങ്ങമൂഴിയിലെത്തും. അവിടെ നിന്നും 8.20 ന് തിരിച്ച് 10.15ന് മെഡിക്കല്‍ കോളേജിലെത്തും. തുടര്‍ന്ന് 10.30 ന് മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ച് 11.10 ന് പത്തനംതിട്ടയിലെത്തും. 11.20 ന് പത്തനംതിട്ടയില്‍ നിന്നും തിരിച്ച് 12 മണിക്ക് വീണ്ടും മെഡിക്കല്‍ കോളേജിലെത്തും. 12.20ന് മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ച് 1 മണിക്ക് പത്തനംതിട്ട വഴി കോട്ടയത്തിന് പോകും.

       പത്തനംതിട്ട ഡിപ്പോയില്‍ നിന്നും അനുവദിച്ചിട്ടുള്ള ബസ് രാവിലെ 7.45 ന് യാത്ര തിരിച്ച് വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴി 8.30 ന് മെഡിക്കല്‍ കോളേജിലെത്തും. തുടര്‍ന്ന് 8.45ന് മെഡിക്കല്‍ കോളേജില്‍ നിന്നും യാത്ര തിരിച്ച് അതേവഴി തന്നെ 9.30 ന് പത്തനംതിട്ടയില്‍ എത്തും. തുടര്‍ന്ന് 11.45ന് പത്തനംതിട്ടയില്‍ നിന്നും തിരിച്ച് ചിറ്റൂര്‍മുക്ക്, കോന്നി വഴി 12.30ന് മെഡിക്കല്‍ കോളേജിലെത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 1.15 ന് പത്തനംതിട്ടയിലേക്ക് മടങ്ങും.     അടൂരില്‍ നിന്നുള്ള ബസ് വള്ളിക്കോട്, പ്രമാടം വഴിയും, കലഞ്ഞൂര്‍ വഴിയും സര്‍വ്വീസ് നടത്തും.

       മെഡിക്കല്‍ കോളേജ് സര്‍വീസ് കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി അനുവദിക്കണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

       മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: സി.എസ്.വിക്രമന്‍, സൂപ്രണ്ട് ഡോ:എസ്.സജിത്കുമാര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയി ജേക്കബ്, ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, ബിജു.സി.ദാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.